യുഎസ്-കാനഡ വ്യാപാര ചർച്ചകൾ പരാജയപ്പെട്ടു; 50% ഇറക്കുമതി നികുതി പ്രാബല്യത്തിൽ, തിരിച്ചടി നൽകുമെന്ന് കാനഡ
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും
വാഷിംഗ്ടൺ/ഒട്ടാവ: യുണൈറ്റഡ് സ്റ്റേറ്റ്സും കാനഡയും തമ്മിൽ നടന്നു വന്ന നിർണ്ണായക വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ 50 ശതമാനം നികുതി പ്രാബല്യത്തിൽ വന്നു. അർദ്ധരാത്രിയോടെ പുതിയ തീരുവ നിലവിൽ വന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്.
ഏകദേശം 20 ബില്യൺ ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപ്പന്നങ്ങളെയാണ് പുതിയ തീരുവ ബാധിക്കുന്നത്. ഹോക്കി സ്റ്റിക്കുകൾ, നിർമ്മാണ സാമഗ്രികൾ, മദ്യം, പ്രത്യേക തരം വസ്ത്രങ്ങൾ എന്നിവ അടക്കമുള്ള ഉൽപ്പന്നങ്ങൾക്ക് വില ഉയർന്നേക്കും. യുഎസിന്റെ അവസാന നിമിഷത്തെ വ്യവസ്ഥകൾ നീതിയുക്തമല്ലെന്നും അപ്രായോഗികമാണെന്നും ചൂണ്ടിക്കാട്ടി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ചർച്ചകൾ നിർത്തിവെക്കാൻ ഉത്തരവിടുകയായിരുന്നു.
യുഎസ് ഏർപ്പെടുത്തിയ നികുതിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന് മാർക്ക് കാർണി വ്യക്തമാക്കി. കാനഡയിലെ തൊഴിലാളികളെയും വ്യവസായങ്ങളെയും സംരക്ഷിക്കുന്നതിനായി “ഡോളറിന് ഡോളർ” എന്ന കണക്കിൽ യുഎസ് ഉൽപ്പന്നങ്ങൾക്കും തിരിച്ച് നികുതി ഏർപ്പെടുത്തുമെന്ന് കാനഡ പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കം പരിഹരിക്കാൻ ഇനി വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടന്നേക്കും.
