ഓണപൂജകൾക്കായി ശബരിമല നട നാളെ തുറക്കും; ‘ശബരിമല സന്ദേശ്’ മാസിക പ്രകാശനം ചെയ്തു
പത്തനംതിട്ട / തിരുവനന്തപുരം :
ഓണത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ (ആഗസ്റ്റ് 24) വൈകിട്ട് 5 മണിക്ക് തുറക്കും. തന്ത്രി കണ്‌ഠര് ബ്രഹ്മദത്തൻ്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ. ഡി. നട തുറന്ന് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും. ഉത്രാട ദിനമായ ആഗസ്റ്റ് 25-ന് രാവിലെ 5 മണി മുതലാണ് ഭക്തർക്ക് ദർശനം അനുവദിക്കുക.
തിരുവോണ നാളിൽ അയ്യപ്പഭക്തർക്കും ജീവനക്കാർക്കുമായി വിപുലമായ തിരുവോണസദ്യ ഒരുക്കും. ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ടാണ് സദ്യ നടത്തുന്നത്. ഓണപൂജകൾ പൂർത്തിയാക്കി ആഗസ്റ്റ് 28-ന് രാത്രി 10 മണിക്ക് നട അടയ്ക്കും.
ശബരിമലയിൽ തുണി ഊരി പമ്പാ നദിയിൽ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്നും അത് വെറുമൊരു ദുരാചാരമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. വാഹനങ്ങൾക്ക് മുന്നിൽ കർപ്പൂരം കത്തിക്കൽ, പ്ലാസ്റ്റിക് കവറുകളിലുള്ള ഷാംപൂ ഉപയോഗം എന്നിവ ഭക്തർ പൂർണമായും ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തീർഥാടകരുടെ പരാതികൾ അപ്പപ്പോൾ പരിഹരിക്കുന്നതിനായി ‘ടു-വേ കമ്മ്യൂണിക്കേഷൻ’ സംവിധാനം ഏർപ്പെടുത്തും.
ശബരിമല വിഷൻ പ്ലാൻ 2026-ൻ്റെ ഭാഗമായി ശബരിമല വിശേഷങ്ങൾ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ “ശബരിമല സന്ദേശ്” ഇംഗ്ലീഷ് മാസികയുടെ പ്രകാശനം തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ദേവസ്വം മന്ത്രി നിർവഹിച്ചു. അന്യസംസ്ഥാന ഭക്തർക്കായി കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും മാസിക ലഭ്യമാക്കും. മണ്ഡലകാലത്തിന് മുന്നോടിയായി നവംബർ 15-ന് മുൻപ് ഇവ പുറത്തിറക്കും. ക്ഷേത്ര മര്യാദകളും ആചാരങ്ങളും ഭക്തരിലേക്ക് കൃത്യമായി എത്തിക്കുകയാണ് മാസികയുടെ ലക്ഷ്യം.
