ഗുരുവായൂരിൽ ചരിത്ര റിക്കാർഡ്: ഒറ്റ ദിവസം 420 കല്യാണങ്ങൾ; ഭക്തജന തിരക്കിനിടയിലും സുഗമമായി ദർശനവും വിവാഹ ചടങ്ങുകളും
BY: PRANOB GURUVAYUR
ഗുരുവായൂർ — ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് ഗുരുവായൂർ ശ്രീ കൃഷ്ണക്ഷേത്രത്തിൽ നടന്നത് record 420 വിവാഹങ്ങൾ. ഇതോടെ കഴിഞ്ഞ ഓഗസ്റ്റ് 23-ന് നടന്ന 416 വിവാഹങ്ങളുടെ റെക്കോർഡാണ് വഴിമാറിയത്.
പുലർച്ചെ 4 മണിയോടെ ആരംഭിച്ച വിവാഹച്ചടങ്ങുകൾ ഉച്ചയ്ക്ക് 12:30-ഓടെ പൂർത്തിയായി. 21 സ്‌പോട്ട് ബുക്കിംഗ് ഉൾപ്പെടെ ആകെ 443 വിവാഹങ്ങളാണ് ഇന്ന് ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നത്. ഉഷപൂജയ്ക്കും പന്തീരടി പൂജയ്ക്കും നട അടച്ച സമയം ഒഴികെ ബാക്കി നേരങ്ങളിലെല്ലാം വിവാഹച്ചടങ്ങുകൾ തുടർച്ചയായി നടന്നു.
തിരക്ക് നിയന്ത്രിക്കുന്നതിനും ദർശനം സുഗമമാക്കുന്നതിനും വിപുലമായ സജ്ജീകരണങ്ങളാണ് ദേവസ്വം ഭരണസമിതിയും പോലീസും ഒരുക്കിയിരുന്നത്. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ, ഭരണസമിതി അംഗം എം.യു. ഷിനിജ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജീവനക്കാരും കിഴക്കേ നടയിൽ നേരിട്ടെത്തി ഏകോപനം നിർവ്വഹിച്ചു.

സുരക്ഷ ഉറപ്പാക്കാൻ ഗുരുവായൂർ എ.സി.പി സുരേന്ദ്രൻ മങ്ങാട്ട്, ടെമ്പിൾ സി.ഐ ജയപ്രദീപ്, എസ്.ഐ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ നൂറിലധികം സിവിൽ പോലീസുകാരെ ക്ഷേത്ര പരിസരത്തും നഗരത്തിലും വിന്യസിച്ചിരുന്നു. കൂടാതെ, ഫയർ ഓഫീസർ സജിത്ത് ലാലിന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സ് സംഘവും ഡോ. രാഹുൽ നമ്പ്യാരുടെ നേതൃത്വത്തിൽ ദേവസ്വം മെഡിക്കൽ ടീമും അടിയന്തിര സേവനങ്ങൾക്കായി ക്യാമ്പ് ചെയ്തിരുന്നു.

