ഗവി-കുമളി ബസിലെ തേനീച്ച ആക്രമണം: ഭീതി വിട്ടൊഴിയാതെ യാത്രക്കാരും ജീവനക്കാരും; വനപാതകളിൽ സുരക്ഷാ ആശങ്ക ശക്തം
BY: SHIBU THMPI IDUKKI
ഇടുക്കി:
പത്തനംതിട്ടയിൽ നിന്ന് ഗവി വഴി കുമളിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചകളുടെ കൂട്ട ആക്രമണം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും ഭീതി വിട്ടൊഴിയാതെ യാത്രക്കാരും ബസ് ജീവനക്കാരും. വള്ളക്കടവിന് സമീപം കോഴിക്കാനത്ത് വെച്ചായിരുന്നു യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ അപകടത്തിലാക്കിയ നടുക്കുന്ന സംഭവം നടന്നത്.
ഗവി പിന്നിട്ട് കോഴിക്കാനത്തെ വനമേഖലയിലൂടെ ബസ് കടന്നുപോകുമ്പോഴാണ് അപ്രതീക്ഷിതമായി പെരുന്തേനീച്ചക്കൂട്ടം ബസിനുള്ളിലേക്ക് ഇരച്ചുകയറി ആക്രമണം അഴിച്ചുവിട്ടത്. പെട്ടെന്നുണ്ടായ കടന്നുകയറ്റത്തിൽ പകച്ചുപോയ യാത്രക്കാർ നിലവിളിച്ചുകൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചു. ആക്രമണത്തിൽ ബസ് ഡ്രൈവർ റസാക്ക്, കണ്ടക്ടർ ബോബി ജോർജ് എന്നിവരുൾപ്പെടെ 17-ഓളം യാത്രക്കാർക്ക് കുത്തേറ്റു.
ഡ്രൈവർക്കും കണ്ടക്ടർക്കും ശരീരമാസകലം കുത്തേറ്റെങ്കിലും സമയോചിതമായ ഇടപെടലിലൂടെ അവർ വാഹനം സുരക്ഷിതമായി നിർത്തുകയും യാത്രക്കാരെ പുറത്തെത്തിക്കാൻ സഹായിക്കുകയുമായിരുന്നു. തുടർന്ന് വനംവകുപ്പിന്റെ വാഹനത്തിലും പിന്നാലെ വന്ന മറ്റ് വാഹനങ്ങളിലുമായാണ് പരിക്കേറ്റവരെ ഉടൻ തന്നെ വണ്ടിപ്പെരിയാർ, പീരുമേട് താലൂക്ക് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിക്കേറ്റ എല്ലാവരും ആശുപത്രി വിട്ടെങ്കിലും, മലയോര വനപാതകളിലൂടെയുള്ള യാത്രകളിൽ കാട്ടുമൃഗങ്ങളുടെ ശല്യത്തിന് പുറമെ ഇത്തരം പെരുന്തേനീച്ചകളുടെ ഭീഷണിയും വർധിക്കുന്നത് വലിയ സുരക്ഷാ ആശങ്ക ഉയർത്തുന്നുണ്ട്. ബസ് ജീവനക്കാർക്കും യാത്രക്കാർക്കും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ വനംവകുപ്പും കെഎസ്ആർടിസിയും ഉറപ്പാക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.
