ഇടുക്കി മംഗളാദേവി ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവെ ഇടിമിന്നലേറ്റു: പൊലീസുകാരനടക്കം ഏഴ് പേർക്ക് പരിക്ക്
BY:SumeshKrishnan
കുമളി:
മംഗളാദേവി ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തർക്ക് നേരെ ഇടിമിന്നലേറ്റു. കുമളിക്ക് സമീപമുള്ള ഒമ്പതാം വളവിന് വെച്ചാണ് അപകടം സംഭവിച്ചത്. ഇടിമിന്നലിൽ പൊലീസുകാരനടക്കം ഏഴ് പേർക്ക് പരിക്കേറ്റു.
ഇടുക്കി ഡിഎച്ച്ക്യുവിലെ സി.പി.ഒ അൻസാറിനാണ് ഗുരുതരമായി പരിക്കേറ്റത്. മിന്നലേറ്റതിനെത്തുടർന്ന് തെറിച്ചുവീണ അൻസാറിന്റെ ഇടതു കൈമുട്ടിന് പൊട്ടലേറ്റു. ഇദ്ദേഹത്തെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്‌നാട് ദിണ്ടിക്കൽ സ്വദേശിനിയായ ഉഷാറാണിയെ വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മറ്റ് അഞ്ച് പേർക്ക് നിസാര പരിക്കാണുള്ളത്. തിരുവനന്തപുരം സ്വദേശികളായ വിഷ്‌ണു, ധനലക്ഷ്‌മി, തൃശൂർ സ്വദേശിനി രമ്യ, തമിഴ്‌നാട് സ്വദേശികളായ ലോകമണി, കാളിയമ്മാൾ എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവർക്കും കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ (FHC) പ്രാഥമിക ചികിത്സ നൽകി. പരിക്കേറ്റവരിൽ തിരുവനന്തപുരം സ്വദേശിയായ വിഷ്‌ണുവിനെ നിരീക്ഷണത്തിനായി കുമളി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
