കോഴിക്കോട് ബീച്ചിൽ മണലിൽ പുതഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം; ദുരൂഹതയേറുന്നു, അന്വേഷണം ഊർജിതം

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ മണലിൽ പുതഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ഇന്ന് രാവിലെ ആറ് മണിയോടെ പ്രഭാത നടത്തത്തിനായി ബീച്ചിലെത്തിയ രണ്ട് പെൺകുട്ടികളാണ് മണലിൽ പുതഞ്ഞ നിലയിൽ കിടന്നിരുന്ന കുഞ്ഞിന്റെ മൃതദേഹം ആദ്യം കണ്ടത്. വിവരമറിഞ്ഞെത്തിയ വെള്ളയിൽ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.
ബീച്ചിലെ പ്രധാന സ്റ്റേജിന് സമീപം തിരമാലകൾ എത്താത്ത മണൽത്തിട്ടയിലാണ് മൃതദേഹം കിടന്നിരുന്നത്. പ്രഭാത സവാരിക്കായി നിരവധി ആളുകൾ എത്തുന്ന ഭാഗമാണിത്. മൃതദേഹം കണ്ട പെൺകുട്ടികൾ ഉടൻതന്നെ ബീച്ചിലെ സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിക്കുകയും, തുടർന്ന് പൊലീസ് കൺട്രോൾ റൂമിൽ സന്ദേശം കൈമാറുകയുമായിരുന്നു. സ്ഥലത്തെത്തിയ വെള്ളയിൽ പൊലീസ് പ്രദേശം സുരക്ഷാവലയത്തിലാക്കി പരിശോധന നടത്തി. കുഞ്ഞിന്റെ ലിംഗനിർണയം ഉൾപ്പെടെയുള്ള ഔദ്യോഗിക വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റും.
അന്വേഷണം ഊർജിതമാക്കി പൊലീസ്
തിരക്കേറിയ ബീച്ചിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ മൃതദേഹം ഉപേക്ഷിച്ചതിന് പിന്നിൽ വലിയ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തൽ. പുലർച്ചെ മൂന്നരയ്ക്കും നാല് മണിക്കും ഇടയിൽ പ്രദേശത്ത് പൊലീസ് പട്രോളിംഗ് ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വഴിവിളക്കുകൾ കത്താതിരുന്നതും സിസിടിവി കാമറകൾ ഇല്ലാത്തതും മൃതദേഹം ഉപേക്ഷിച്ചവർക്ക് സഹായകമായെന്നാണ് സൂചന.
മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടണമെന്ന ഉദ്ദേശ്യത്തോടെ ബോധപൂർവം മൃതദേഹം ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് രക്തക്കറകളൊന്നും കണ്ടെത്താത്തതിനാൽ മറ്റെവിടെയെങ്കിലും വച്ച് പ്രസവിച്ച ശേഷം മൃതദേഹം ബീച്ചിൽ എത്തിച്ച് ഉപേക്ഷിച്ചതാകാമെന്നും സംശയിക്കുന്നുണ്ട്. തിരമാലകളിൽപ്പെട്ട് കരയ്ക്കടിഞ്ഞതാകാൻ സാധ്യതയില്ലെന്ന് പ്രദേശവാസികളും വ്യക്തമാക്കുന്നു. നാട്ടുകാരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ വെള്ളയിൽ പൊലീസ് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
