സിനിമാക്കഥയെ വെല്ലുന്ന ആസൂത്രണം; ചാല സ്വർണക്കവർച്ചയ്ക്ക് ക്വട്ടേഷൻ നൽകിയത് 25 ലക്ഷത്തിന്, തലേന്ന് ‘റിഹേഴ്സലും’ നടത്തി!

 സിനിമാക്കഥയെ വെല്ലുന്ന ആസൂത്രണം; ചാല സ്വർണക്കവർച്ചയ്ക്ക് ക്വട്ടേഷൻ നൽകിയത് 25 ലക്ഷത്തിന്, തലേന്ന് ‘റിഹേഴ്സലും’ നടത്തി!

തിരുവനന്തപുരം: തിരുവനന്തപുരം ചാലയിലെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ സിനിമാക്കഥകളെ വെല്ലുന്ന ആസൂത്രണമെന്ന് പൊലീസ്. 25 ലക്ഷം രൂപയുടെ ക്വട്ടേഷൻ ഉറപ്പിച്ചാണ് പ്രതികൾ കവർച്ച നടപ്പാക്കിയതെന്ന നിർണ്ണായക വിവരമാണ് അന്വേഷണസംഘം പുറത്തുവിട്ടിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപേ ആരംഭിച്ച ഗൂഢാലോചനയ്ക്കൊടുവിൽ, സംഭവസ്ഥലത്തെത്തി ‘റിഹേഴ്സൽ’ വരെ നടത്തിയാണ് സംഘം കവർച്ചയ്ക്ക് കളമൊരുക്കിയത്.

ഗൂഢാലോചനയും 25 ലക്ഷത്തിന്റെ ക്വട്ടേഷനും

മാളവിക ജ്വല്ലറി ഉടമ ജയറാം, മുഖ്യപ്രതി അമോൽ, കൂട്ടുപ്രതി ദിലീപ് എന്നിവർ ഒരുമിച്ചിരുന്നാണ് കവർച്ചയുടെ തിരക്കഥ തയ്യാറാക്കിയത്. ഇതിനായി 25 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ ഉറപ്പിച്ചു. അഡ്വാൻസായി നാല് ലക്ഷം രൂപയാണ് അമോൽ കൈമാറിയത്. കൂട്ടുപ്രതിയായ ദിലീപിന്റെ കൈവശം നൽകിയ ഈ തുക, ദിലീപ് തന്റെ ബാങ്ക് അക്കൗണ്ട് വഴി തമിഴ്നാട്ടിലായിരുന്ന ക്വട്ടേഷൻ സംഘത്തലവൻ അനൂപ് രാജിന് അയച്ചുകൊടുക്കുകയായിരുന്നു.

85 ഗ്രാം സ്വർണത്തിന് പിന്നിലെ തന്ത്രം

കവർച്ച നടന്ന ദിവസം രാവിലെ തന്നെ അമോൽ 85 ഗ്രാം സ്വർണം വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന് കൈമാറിയിരുന്നു. എന്നാൽ, കവർച്ച ചെയ്യപ്പെടുന്ന സ്വർണത്തിൽ നിന്നും ഈ 85 ഗ്രാം തനിക്ക് തന്നെ തിരികെ നൽകണമെന്ന കൃത്യമായ വ്യവസ്ഥയും അമോൽ മുന്നോട്ടുവെച്ചിരുന്നു.

പാളിയ ആദ്യ ശ്രമവും റിഹേഴ്സലും

കൃത്യം നടപ്പാക്കുന്നതിന്റെ തലേദിവസം ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ചാലയിലെ സംഭവസ്ഥലത്തെത്തി കൃത്യമായ റിഹേഴ്സൽ നടത്തിയിരുന്നു. എന്നാൽ, പ്രതികൾ കണക്കുകൂട്ടിയ സമയത്ത് നന്ദകുമാർ കടയിൽ നിന്നും പുറത്തിറങ്ങാതിരുന്നതോടെ അന്നത്തെ നീക്കം പാളി. പിന്നീട് സാഹചര്യങ്ങൾ വീണ്ടും വിലയിരുത്തി കൃത്യമായ പ്ലാനിംഗോടെ കവർച്ച നടപ്പാക്കുകയായിരുന്നു.

നിലവിൽ മുഖ്യപ്രതി അമോലിനെയും ദിലീപിനെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തുവരികയാണ്. ഗൂഢാലോചനയിലെ പ്രധാന കണ്ണിയായ മാളവിക ജ്വല്ലറി ഉടമ ജയറാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News