കുട്ടിക്കാനത്ത് സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; ശബരിമല തീർത്ഥാടകർ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്ക്
BY:SHIBU K THAMPI
പീരുമേട്: കുട്ടിക്കാനത്ത് സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. എറണാകുളം – കുമളി റൂട്ടിലോടുന്ന സ്വകാര്യ ബസും കോട്ടയം – കമ്പം കെഎസ്ആർടിസി ബസും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച സ്വിഫ്റ്റ് കാറുമാണ് അപകടത്തിൽപ്പെട്ടത്.
എതിർദിശയിൽ തെറ്റായ ദിശയിലെത്തിയ കാറിൽ ഇടിക്കാതിരിക്കാൻ സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതോടെ പിന്നാലെ വന്ന കെഎസ്ആർടിസി ബസ് സ്വകാര്യ ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മുന്നിലുണ്ടായിരുന്ന കാറിലും ഇടിച്ചു.
അപകടത്തിൽ കെഎസ്ആർടിസി ജീവനക്കാരായ ഡ്രൈവർ ഷൈജു ഫിലിപ്പ്, കണ്ടക്ടർ ഷൈജു വർഗീസ് എന്നിവർക്കും യാത്രക്കാരായ ജോസഫ് ആന്റണി (66), ജോ തോമസ് (59), സിജിമോൾ (57), ശാലിനി മനോഹരൻ (24), അനാമിക (21), മൂത്തമല സെൽവി (46), ജ്ഞാനയ്യ (65) എന്നിവർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ എല്ലാവരെയും ഉടൻ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
t
