ശബരി എക്സ്പ്രസ് ഷൊർണ്ണൂരിൽ പ്രവേശിക്കില്ല
ഷൊർണൂർ:
ജനുവരി 1 മുതൽ ശബരി എക്സ്പ്രസ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കില്ല.ഇനിമുതൽ ഷൊർണൂർ സ്റ്റേഷൻ തൊടാതെ ഭാരതപ്പുഴ ലിങ്ക് ലൈൻ വഴി ഒറ്റപ്പാലം ഭാഗത്തേയ്ക്ക് തിരിച്ചുവിടാനുള്ള തീരുമാനം റെയിൽവേ നടപ്പാക്കി. ഷൊർണൂരിനു പകരം വടക്കാഞ്ചേരിയോ ഒറ്റപ്പാലമോ ഇനി മുതൽ യാത്രക്കാർക്ക് തിരഞ്ഞെടുക്കാം. 1987 മുതലാണ് ശബരി എക്സപ്രസിന് ഷൊർണൂർ സ്റ്റേഷനിൽ സ്റ്റോപ്പനുവദിച്ചതു്. കോഴിക്കോട്ടും പാലക്കാട്ടും പോകുന്ന യാത്രക്കാർക്ക് ശബരി എക്സപ്രസ് വളരെയധികം സൗകര്യപ്രദമായിരുന്നു. റെയിൽവേയുടെ നടപടിക്കെതിരെ റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തിരുവനന്തപുരത്ത് നിന്ന് സെക്കന്തരാബാദുവരെയുള്ള സമയ ദൈർഘ്യം കുറയ്ക്കാനാണെന്ന വാദമാണ് റെയിൽവേ ഉന്നയിച്ചിരിക്കുന്നതു്.

