കൂടുതൽ സ്വപ്നനിദ്ര രോഗസാധ്യത കുറയ്ക്കുമെന്ന് പഠനം; പ്രമേഹമടക്കം 83 രോഗങ്ങൾക്കെതിരെ പ്രതിരോധം

ലണ്ടൻ:
ഉറക്കത്തിലെ സ്വപ്ന ഘട്ടമായ ‘റെം’ (REM – Rapid Eye Movement) സ്ലീപ്പ് കൂടുതൽ ലഭിക്കുന്നത് പ്രമേഹമടക്കം 83-ലധികം ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പുതിയ പഠനം. ബ്രിട്ടനിലെ യുകെ ബയോബാങ്കിൽ നിന്നുള്ള ഒരു ലക്ഷത്തോളം ആളുകളുടെ വിവരങ്ങൾ വിശകലനം ചെയ്ത് പ്രമുഖ ശാസ്ത്ര മാസികയായ ‘പ്ലോസ് മെഡിസിൻ’ (PLOS Medicine) ആണ് പഠനറിപ്പോർട്ട് പുറത്തുവിട്ടത്.
പങ്കെടുത്ത ആളുകളിൽ റിസ്റ്റ് ആക്സിലറോമീറ്ററുകൾ ഘടിപ്പിച്ച് അവരുടെ ഉറക്കത്തിന്റെ വിവിധ ഘട്ടങ്ങളും സമയവും കൃത്യമായി രേഖപ്പെടുത്തിയായിരുന്നു ഗവേഷണം. ദിവസവും 6 മുതൽ 8 മണിക്കൂർ വരെ ഉറങ്ങുന്നവർക്കാണ് ഏറ്റവും കുറഞ്ഞ രോഗസാധ്യതയെന്ന് പഠനത്തിൽ തെളിഞ്ഞു. ‘റെം’ സ്ലീപ്പ് ലഭിക്കുന്നത് ഹൃദയാഘാതം, ഉയർന്ന രക്തസമ്മർദ്ദം, ഡിമൻഷ്യ, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുമ്പോൾ, ഗാഢനിദ്ര (Deep Sleep) ലഭിക്കുന്നത് ടൈപ്പ്-2 പ്രമേഹം, വിഷാദരോഗം എന്നിവയെ പ്രതിരോധിക്കാൻ സഹായിക്കുന്നു.
എന്നാൽ ഉറക്കമില്ലായ്മയും ക്രമരഹിതമായ ഉറക്ക രീതികളും വിഷാദം, ഉത്കണ്ഠ, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ദിവസവും കൃത്യസമയത്ത് ഉണരുക, ഉറങ്ങുന്നതിന് മുമ്പ് ഫോൺ അടക്കമുള്ള ഡിജിറ്റൽ സ്ക്രീനുകൾ ഒഴിവാക്കുക, കിടപ്പുമുറി ശാന്തവും തണുപ്പുള്ളതുമാക്കുക എന്നിവ ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടാൻ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.
