ഓൺലൈനിൽ ജോലി തേടുന്നവരുടെ ശ്രദ്ധയ്ക്ക്; ‘സെക്യൂരിറ്റി ഡെപ്പോസിറ്റ്’ കെണിയിൽ വീഴരുത്, വ്യാജ തൊഴിൽ തട്ടിപ്പിനെതിരെ കർശന ജാഗ്രത
BY ;SHIBU K THAMPI IDUKKI
ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി തൊഴിൽ തേടുന്ന ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ട് വ്യാജ തൊഴിൽ വാഗ്ദാനങ്ങളിലൂടെയുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകൾ അതീവ ഗൗരവകരമായി വ്യാപിക്കുന്നു. OLX ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ജോലിക്കായി അന്വേഷിക്കുന്നവരെയാണ് തട്ടിപ്പുസംഘങ്ങൾ പ്രധാനമായും വലയിലാക്കുന്നത്. പ്രമുഖ കമ്പനികളുടെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ പരസ്യങ്ങൾ നൽകുകയും, വിവിധ ഫീസുകളുടെ പേരിൽ പണം തട്ടുകയുമാണ് ഇവരുടെ രീതി.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ജോലി അന്വേഷിക്കുന്നതിനായി തങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ പങ്കുവെക്കുന്ന ഉദ്യോഗാർത്ഥികളെ തട്ടിപ്പുകാർ വാട്‌സ്ആപ്പ് വഴിയാണ് ആദ്യം സമീപിക്കുന്നത്. പ്രമുഖ സ്ഥാപനങ്ങളുടെ പ്രതിനിധികളാണെന്ന് സ്വയം പരിചയപ്പെടുത്തി ഉയർന്ന ശമ്പളത്തോടുകൂടിയ ജോലി വാഗ്ദാനം ചെയ്യുന്നു. ഉദ്യോഗാർത്ഥികളുടെ വിശ്വാസം പൂർണ്ണമായി നേടിയെടുക്കുന്നതിനായി ഫോൺ കോളിലൂടെയോ വാട്‌സ്ആപ്പിലൂടെയോ വ്യാജ ഓൺലൈൻ അഭിമുഖം നടത്തുകയും ജോലി ഉറപ്പാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യും.
തുടർന്ന് നിയമന നടപടികൾക്കെന്ന പേരിൽ ‘റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റ്’ ആവശ്യപ്പെടുന്നു. പിന്നീട് ആദ്യ ശമ്പളത്തോടൊപ്പം ഈ തുക തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ച് ‘പ്രോസസിങ് ഫീസ്’, ‘രജിസ്ട്രേഷൻ ഫീസ്’ തുടങ്ങിയ പേരുകളിൽ കൂടുതൽ തുക തട്ടിയെടുക്കുന്നു. ഡിജിറ്റൽ പേയ്മെന്റ് വഴിയോ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്കോ പണം ലഭിച്ചുകഴിഞ്ഞാൽ, ജോലിയോ നൽകിയ പണമോ തിരികെ നൽകാതെ ഉദ്യോഗാർത്ഥികളെ വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്ത് തട്ടിപ്പുസംഘം മുങ്ങുന്നതാണ് പതിവ്.
പൊതുജനങ്ങൾ പാലിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ:
- വിശ്വാസ്യത ഉറപ്പുവരുത്തുക: OLX, വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയും ഓൺലൈൻ സൈറ്റുകളിലൂടെയും ലഭിക്കുന്ന തൊഴിൽ വാഗ്ദാനങ്ങൾ ആധികാരികമാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രം മുന്നോട്ടുപോകുക.
- ഔദ്യോഗിക സ്ഥിരീകരണം: പ്രമുഖ കമ്പനികളുടെ പേരും ലോഗോയും കണ്ട് മാത്രം പരസ്യങ്ങൾ വിശ്വസിക്കരുത്. ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഔദ്യോഗിക നമ്പർ വഴിയോ ഒഴിവുകൾ സ്ഥിരീകരിക്കുക.
- പണം ആവശ്യപ്പെട്ടാൽ ജാഗ്രത: ജോലി നൽകുന്നതിനോ അഭിമുഖം നടത്തുന്നതിനോ സെക്യൂരിറ്റി ഡെപ്പോസിറ്റ്, പ്രോസസിങ് ഫീസ്, രജിസ്ട്രേഷൻ ഫീസ് എന്നിവ ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ വ്യക്തമായ ലക്ഷണമാണ്.
- ബാങ്ക് – UPI കൈമാറ്റങ്ങൾ ഒഴിവാക്കുക: ജോലി ഉറപ്പാക്കി വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്കോ UPI ഐഡികളിലേക്കോ പണം അയക്കാൻ ആവശ്യപ്പെട്ടാൽ യാതൊരു കാരണവശാലും പണം കൈമാറരുത്.
- സമഗ്ര പരിശോധന: ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾക്ക് മുൻപ് സ്ഥാപനത്തിന്റെ വിശ്വാസ്യതയും തൊഴിൽ വാഗ്ദാനത്തിന്റെ സുസ്ഥിരതയും കൃത്യമായി പരിശോധിക്കുക.
വ്യാജ തൊഴിൽ വാഗ്ദാനങ്ങളിലൂടെയോ സമാനമായ രീതികളിലൂടെയോ സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഒട്ടും വൈകാതെ 1930 എന്ന സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറിൽ വിളിക്കുകയോ www.cybercrime.gov.in എന്ന പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യുകയോ ചെയ്യേണ്ടതാണ്.
