എഴുപതിന്റെ നിറവിൽ ദൈവത്തിൻ്റെ സ്വന്തം നാട്; ശ്യാമളസുന്ദര കേരളത്തിന് ഇന്ന് സപ്തതി!
തിരുവനന്തപുരം: സഹ്യസാനുക്കളുടെ തലോടലേറ്റും അറബിക്കടലിൻ്റെ നീലത്തിരമാലകളിൽ കുളിച്ചും നിൽക്കുന്ന പ്രകൃതിയുടെ സ്വന്തം പൂങ്കാവനമായ നമ്മുടെ കേരളത്തിന് ഇന്ന് സപ്തതിയുടെ നിറവ്. എഴുപത് വർഷങ്ങളുടെ ചരിത്രവും പാരമ്പര്യവും പേറുന്ന മലയാളികളുടെ സ്വന്തം ഭൂമിശാസ്ത്രത്തിന് ഇന്ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്—കേന്ദ്ര സർക്കാർ ‘കേരളം’ എന്ന പേര് ഔദ്യോഗികമായി അംഗീകരിച്ചതിന് ശേഷമുള്ള ആദ്യ പിറവി ദിനം കൂടിയാണിത്.
ഭാഷാ അടിസ്ഥാനത്തിൽ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ ദേശങ്ങൾ ഒന്നിച്ചു ചേർന്ന് 1956 നവംബർ ഒന്നിനാണ് ഇന്ത്യയുടെ ഭൂപടത്തിൽ കേരളം എന്ന സംസ്ഥാനം പിറവിയെടുത്തത്. പരശുരാമന്റെ മഴു വീണ മണ്ണെന്നും, കേരവൃക്ഷങ്ങൾ നിറഞ്ഞ കേരകേദാര ഭൂമിയെന്നും ചരിത്രവും ഐതിഹ്യങ്ങളും ഒരുപോലെ വാഴ്ത്തുന്ന ഈ കൊച്ചു ഭൂപ്രദേശത്തിന് പിന്നിൽ വിസ്മയകരമായ കഥകളാണുള്ളത്. മലബാറും കൊച്ചിയും തിരുവിതാംകൂറും കൈകോർത്ത ആ പഴയകാലത്തുനിന്ന് ഇന്നത്തെ പതിനാല് ജില്ലകളിലേക്ക് വളർന്നു പന്തലിച്ച കേരളത്തിന്റെ ചരിത്രം ഏത് മലയാളിയുടെയും നെഞ്ചിനെ അഭിമാനത്താൽ നിറയ്ക്കുന്ന ഒന്നാണ്.
കഴിഞ്ഞ കാലങ്ങളിൽ മാറിമാറിവന്ന പ്രകൃതി ദുരന്തങ്ങളും മഹാമാരികളും നമ്മുടെ നാടിനെ തളർത്താൻ നോക്കിയെങ്കിലും, മലയാളികളുടെ കൂട്ടായ്മയും ചെറുത്തുനിൽപ്പും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു മുന്നേറി. സഹ്യന്റെ മണ്ണിൽ പ്രതീക്ഷകളുടെ പുതിയ പുലരികൾ വിടരട്ടെ എന്ന് ആശംസിച്ചുകൊണ്ട്, പ്രിയപ്പെട്ട വായനക്കാർക്കെല്ലാവർക്കും കേരളപ്പിറവി ആശംസകൾ നേരുന്നു.

