പ്ലാന്റേഷൻ എസ്റ്റേറ്റുകളിലെ പ്രവേശന കവാട സുരക്ഷയും സിസിടിവി നിരീക്ഷണവും: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

 പ്ലാന്റേഷൻ എസ്റ്റേറ്റുകളിലെ പ്രവേശന കവാട സുരക്ഷയും സിസിടിവി നിരീക്ഷണവും: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

BY: SHIBU THAMPI IDUKKI

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലാന്റേഷൻ എസ്റ്റേറ്റുകളിൽ ബ്രിട്ടീഷ് കൊളോണിയൽ കാലം മുതൽ നിലനിന്നിരുന്ന പ്രവേശന കവാട സുരക്ഷാ സംവിധാനങ്ങൾ പൂർണ്ണമായും ത തകർന്നിരിക്കുകയാണെന്നും, 24 മണിക്കൂർ സുരക്ഷയും സിസിടിവി നിരീക്ഷണവും പുനഃസ്ഥാപിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് കേരള പ്ലാന്റേഷൻ ലേബർ വെൽഫെയർ മിഷൻ സർക്കാരിന് നിവേദനം സമർപ്പിച്ചു.

കേരള മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി, ഡിജിപി, തൊഴിൽ വകുപ്പ് മന്ത്രി, ലേബർ കമ്മീഷണർ, ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസ്, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്കാണ് ലേബർ വെൽഫെയർ മിഷൻ ഭാരവാഹികൾ അടിയന്തര ആവശ്യങ്ങളുന്നയിച്ച് നിവേദനം അയച്ചത്.

സുരക്ഷാ വീഴ്ചയും ഗുരുതര പ്രത്യാഘാതങ്ങളും:

എസ്റ്റേറ്റ് റോഡുകൾ പൊതുവഴികളാണെന്ന വാദമുയർത്തി പ്രവേശന കവാടങ്ങൾ പൂർണ്ണമായി തുറന്നിട്ടിരിക്കുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു. മുൻകാലങ്ങളിൽ എസ്റ്റേറ്റിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ വിവരങ്ങളും യാത്രക്കാരുടെ പേരുകളും ഗേറ്റ് രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നു. നിലവിലെ പരിശോധനയില്ലാത്ത അവസ്ഥ താഴെ പറയുന്ന ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നുണ്ട്:

  • വാഹനാപകടങ്ങൾ: ടൂറിസ്റ്റുകളെന്ന വ്യാജേന എത്തുന്ന യുവാക്കൾ അമിതവേഗതയിൽ വാഹനമോടിച്ച് എസ്റ്റേറ്റിനുള്ളിൽ അപകടങ്ങൾ സൃഷ്ടിക്കുന്നു.
  • വന്യജീവി ആക്രമണ ഭീഷണി: പുറത്തുനിന്നെത്തുന്നവർ വന്യമൃഗങ്ങളെ ശല്യപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നതോടെ പ്രകോപിതരാകുന്ന മൃഗങ്ങൾ തോട്ടം തൊഴിലാളികളെ ആക്രമിക്കുന്ന സ്ഥിതിയുണ്ടാകുന്നു.
  • തൊഴിലാളികൾക്ക് നേരെയുള്ള കയ്യേറ്റം: മദ്യലഹരിയിലെത്തുന്ന അപരിചിതർ തൊഴിലാളികളുമായി തർക്കത്തിലേർപ്പെടുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്നു.
  • പരിസ്ഥിതി-ആരോഗ്യ പ്രശ്നങ്ങൾ: എസ്റ്റേറ്റിനുള്ളിൽ മദ്യക്കുപ്പികൾ പൊട്ടിച്ചെറിയുന്നത് തൊഴിലാളികളുടെ കാലുകൾക്ക് പരിക്കേൽക്കാനും വന്യജീവികൾക്ക് അപകടമുണ്ടാകാനും ഇടയാക്കുന്നു.

പ്രധാന ആവശ്യങ്ങൾ:

  1. ഗേറ്റ് നിയന്ത്രണം മാനേജ്മെന്റിന്: Plantation Labour Act Sec 4 & 5 പ്രകാരം ലേബർ കമ്മീഷണറോ ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസോ ഉത്തരവിട്ട് പരമ്പരാഗത ഗേറ്റ് സുരക്ഷാ സംവിധാനം പുനഃസ്ഥാപിക്കണം.
  2. 24 മണിക്കൂർ സുരക്ഷ: എല്ലാ പ്രവേശന കവാടങ്ങളിലും 24 മണിക്കൂറും സുരക്ഷാ ജീവനക്കാരുടെ സേവനം ഉറപ്പാക്കണം.
  3. സിസിടിവി നിരീക്ഷണം: എസ്റ്റേറ്റ് ഗേറ്റുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കണം.
  4. പോലീസ് പട്രോളിംഗ്: എസ്റ്റേറ്റ് മേഖലകളിൽ പോലീസ് പട്രോളിംഗും പോലീസ് എയ്ഡ് പോസ്റ്റുകളും ശക്തമാക്കണം.

ലക്ഷക്കണക്കിന് വരുന്ന പ്ലാന്റേഷൻ തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ അടിയന്തരമായി ഉത്തരവിറക്കണമെന്ന് കേരള പ്ലാന്റേഷൻ ലേബർ വെൽഫെയർ മിഷൻ ചെയർമാൻ ഷിബു കെ. തമ്പിയും ജനറൽ സെക്രട്ടറി പി. ടി. ശ്രീകുമാറും ആവശ്യപ്പെട്ടു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News