കോഴിക്കോട് ഒളവണ്ണയിൽ മുള്ളൻപന്നിയുടെ ആക്രമണം: യുവാവിന് സാരമായി പരിക്കേറ്റു; വീണ്ടും ജനവാസ മേഖലയിൽ കാട്ടുമൃഗശല്യം രൂക്ഷമാകുന്നു

 കോഴിക്കോട് ഒളവണ്ണയിൽ മുള്ളൻപന്നിയുടെ ആക്രമണം: യുവാവിന് സാരമായി പരിക്കേറ്റു; വീണ്ടും ജനവാസ മേഖലയിൽ കാട്ടുമൃഗശല്യം രൂക്ഷമാകുന്നു

കോഴിക്കോട്:

നഗരത്തോടു ചേർന്നുള്ള ജനവാസ മേഖലയായ ഒളവണ്ണ പാലാഴിയിൽ മുള്ളൻപന്നിയുടെ കുത്തേറ്റ് യുവാവിന് സാരമായി പരിക്കേറ്റു. ഭൂഖണ്ഡപുരം സ്വദേശി അബ്‌ദുൽ ഗഫൂറിനാണ് (35) കാലിൽ മുള്ളൻപന്നിയുടെ മുള്ളുകൾ തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റത്. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ പന്തീരാങ്കാവിനു സമീപം പാലാഴി എം.എൽ.എ റോഡിലായിരുന്നു സംഭവം.

മറ്റൊരു വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സുഹൃത്തിന്റെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അബ്‌ദുൽ ഗഫൂർ. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി റോഡിന് കുറുകെ ഓടിയെത്തിയ മുള്ളൻപന്നി ബൈക്കിന് മുന്നിലേക്ക് ചാടുകയായിരുന്നു. പന്നിയെ കണ്ട് വെട്ടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും, ഗഫൂർ മുള്ളൻപന്നിയുടെ മുകളിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.

വീഴ്ചയുടെ ആഘാതത്തിൽ മുള്ളൻപന്നിയുടെ കൂർത്ത അഞ്ചോളം മുള്ളുകളാണ് ഗഫൂറിന്റെ കാലിലെ വിരലുകളിൽ ആഴത്തിൽ തുളച്ചുകയറിയത്. ഇതിൽ മൂന്ന് മുള്ളുകൾ പ്രദേശവാസികളും സുഹൃത്തും ചേർന്ന് സംഭവസ്ഥലത്തു വച്ചുതന്നെ ഊരിയെടുത്തു. എന്നാൽ, ആഴത്തിൽ ഇറങ്ങിയ വലിയ രണ്ട് മുള്ളുകൾ വിരൽ തുളച്ച് മറുവശത്തേക്ക് കടന്ന നിലയിലായിരുന്നു.

തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സർജറി വിഭാഗം നടത്തിയ വിദഗ്ധ ശസ്ത്രക്രിയയിലൂടെയാണ് വിരലിൽ തറച്ചുനിന്ന മുള്ളുകൾ പുറത്തെടുത്തത്. അപകടസമയത്ത് ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

നഗരകേന്ദ്രത്തോട് ചേർന്നുള്ള പാലാഴി എം.എൽ.എ റോഡിലും സമീപ പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ കാട്ടുപന്നികളുടെയും മുള്ളൻപന്നികളുടെയും ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുൻപും സമാനമായ രീതിയിൽ മുള്ളൻപന്നികളും കാട്ടുപന്നികളും റോഡിന് കുറുകെ ചാടി ഇരുചക്രവാഹന യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാത്രികാല യാത്രക്കാർ ഭയത്തോടെയാണ് ഈ പാതയിലൂടെ കടന്നുപോകുന്നത്. പ്രദേശത്ത് വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാൻ വനംവകുപ്പും തദ്ദേശ ഭരണകൂടവും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News