യു.ഡി.എഫ് സർക്കാരുടേത് ഭരണപരാജയം; 120 ദിവസം കൊണ്ട് കേരളത്തെ ഇരുട്ടിലാക്കിയെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം:
സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലും ഭരണസ്തംഭനത്തിലും യു.ഡി.എഫ് സർക്കാരിനെ ശക്തമായി വിമർശിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റും എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ. കോൺഗ്രസ് – മുസ്ലിം ലീഗ് മുന്നണി കേരളത്തിന് “പുതുയുഗം” വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തി 120 ദിവസം പിന്നിട്ടപ്പോൾ തന്നെ സംസ്ഥാനത്തെ ഇരുട്ടിലേക്ക് തള്ളിയിട്ടിരിക്കുകയാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയ കുറിപ്പിലൂടെ ആരോപിച്ചു.
കടുത്ത ചൂടിൽ ജനങ്ങൾ വലയുമ്പോൾ ശീതീകരണ ഉപകരണങ്ങൾ ഓഫ് ചെയ്യാൻ വൈദ്യുതി മന്ത്രി ആവശ്യപ്പെടുന്നത് ഭരണ പരാജയത്തിന്റെ തുറന്ന ഏറ്റുപറച്ചിലാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുന്നറിയിപ്പില്ലാത്ത പവർകട്ടുകൾ കാരണം കുട്ടികളുടെ പഠനവും ജനങ്ങളുടെ ഉറക്കവും തടസ്സപ്പെടുകയാണ്. അടിസ്ഥാന ആവശ്യമായ വൈദ്യുതി പോലും ഉറപ്പാക്കാൻ കഴിയാത്ത ഭരണകൂടത്തിന് എങ്ങനെ നിക്ഷേപങ്ങളും പുതിയ വ്യവസായങ്ങളും കൊണ്ടുവരാൻ കഴിയുമെന്നും അദ്ദേഹം ചോദ്യമുയർത്തി.
തെരഞ്ഞെടുപ്പിൽ നൽകിയ 5 ഗ്യാരണ്ടികളിൽ 4 എണ്ണവും പാലിച്ചില്ലെന്നും 12,500 കോടി രൂപയുടെ അധിക കടബാധ്യത ഉണ്ടാക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേവലം പ്രീണന രാഷ്ട്രീയമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും കേരളത്തിന് ഇനി വേണ്ടത് വാഗ്ദാനങ്ങൾ നിറവേറ്റുന്ന ‘പെർഫോമൻസ് രാഷ്ട്രീയം’ (#PoliticsOfPerformance) ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
