അമേരിക്കയുമായി ഇടക്കാല സമാധാന കരാറിനൊരുങ്ങി ഇറാൻ; വ്യവസ്ഥകൾ ലംഘിച്ചാൽ പിന്മാറുമെന്ന് മുന്നറിയിപ്പ്
ടെഹ്റാൻ: പശ്ചിമേഷ്യയിലെ നീണ്ടുനിൽക്കുന്ന സംഘർഷങ്ങൾക്ക് അയവുവരുത്തിക്കൊണ്ട് അമേരിക്കയുമായി ഇടക്കാല സമാധാന കരാറിൽ ഒപ്പുവയ്ക്കാൻ ഇറാൻ ഒരുങ്ങുന്നു. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാൻ കഴിയുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി വ്യക്തമാക്കി. ആണവ വിഷയം ഉൾപ്പെടെയുള്ള സങ്കീർണമായ തർക്കങ്ങൾ തത്കാലം മാറ്റിവച്ചുകൊണ്ടുള്ള ഒരു ഇടക്കാല സംവിധാനമാണ് നിലവിൽ വരുന്നത്. ആദ്യഘട്ടത്തിൽ ഔദ്യോഗിക ചടങ്ങുകൾ ഇല്ലാതെയാകും ഇരുരാജ്യങ്ങളും തമ്മിലുള്ള നടപടികൾ പൂർത്തിയാക്കുക.കരാറിന്റെ ഭാഗമായി, തങ്ങളുടെ ബാധ്യതകൾ നിറവേറ്റാൻ അമേരിക്കയ്ക്ക് 60 ദിവസത്തെ സമയം നൽകുമെന്നും എന്നാൽ വ്യവസ്ഥകൾ ലംഘിച്ചാൽ സ്ഥിതിഗതികൾ പഴയപടിയാകുമെന്നും അബ്ബാസ് അറാഗ്ചി മുന്നറിയിപ്പ് നൽകി.ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ പൂർത്തിയായതായും ധാരണാപത്രം തയാറായതായും ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. വരും ദിവസങ്ങളിൽ (ഞായർ അല്ലെങ്കിൽ തിങ്കളാഴ്ചയോടെ) കരാർ ഔദ്യോഗികമായി ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്തിമമായ ചില മിനുക്കുപണികൾ മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യൻ മേഖലയിൽ വലിയ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കാൻ പോകുന്നതാണ് പുതിയ നീക്കം.
