വന്ദേമാതരത്തിന് ദേശീയഗാന പദവി: ഭേദഗതി ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

 വന്ദേമാതരത്തിന് ദേശീയഗാന പദവി: ഭേദഗതി ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

ന്യൂഡൽഹി:

ദേശീയ ഗാനമായ ‘ജനഗണമന’യ്ക്ക് ലഭിക്കുന്ന അതേ നിയമപരമായ പരിരക്ഷ ‘വന്ദേമാതര’ത്തിനും ഉറപ്പാക്കുന്ന ‘ദേശീയ ബഹുമതി അനാദരവ് ഭേദഗതി ബിൽ 2026’ ലോക്‌സഭ ശബ്‌ദവോട്ടോടെ പാസാക്കി. രാജ്യസഭ നേരത്തെ പാസാക്കിയ ബില്ലാണിത്. ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും ബഹളങ്ങൾക്കുമിടയിലാണ് പാർലമെൻ്റിന്റെ ഇരുസഭകളും ബിൽ പാസാക്കിയത്.

പുതിയ നിയമനിർമ്മാണപ്രകാരം വന്ദേമാതരത്തെ അനാദരിക്കുന്നതും അപമാനിക്കുന്നതും മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി മാറും. രണ്ടാമതും കുറ്റം ആവർത്തിച്ചാൽ കുറഞ്ഞത് ഒരു വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. ദേശീയ പതാക, ഭരണഘടന, ദേശീയ ഗാനം എന്നിവയ്‌ക്കൊപ്പം വന്ദേമാതരത്തിനും തുല്യപദവി ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് സഭയിൽ വ്യക്തമാക്കി.

വന്ദേമാതരത്തിന്റെ 150-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് സർക്കാർ ഈ ഭേദഗതി കൊണ്ടുവന്നത്. എന്നാൽ, ദേശീയതയുടെ മറവിൽ ബിജെപി സർക്കാരിന്റെ ഹിന്ദുത്വ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ഡിഎംകെ അംഗം കെ. കനിമൊഴി ആരോപിച്ചു. നിർബന്ധിതമായി ഇത് അടിച്ചേൽപ്പിക്കുന്നത് രാജ്യത്തിന്റെ മതേതരത്വത്തിനും ഫെഡറലിസത്തിനും എതിരാണെന്നും പ്രതിപക്ഷം വാദിച്ചു. പ്രതിപക്ഷത്തിന്റെ നീറ്റ് പേപ്പർ ചോർച്ച വിഷയത്തിലെ ബഹളങ്ങൾക്കിടയിലും മൺസൂൺ സമ്മേളനത്തിൽ ഇരുസഭകളും ചേർന്ന് പാസാക്കുന്ന ആദ്യ നിയമനിർമ്മാണമാണിത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News