കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് രൂക്ഷം; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എം.കെ. രാഘവൻ
by sumeshkrishnan , thiruvananthapuram bureau chief
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്ക്. സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി എം.കെ. രാഘവൻ എം.പി രംഗത്തെത്തിയതോടെ പോര് പുതിയ തലത്തിലെത്തി. എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന തീരുമാനം ഹൈക്കമാൻഡിന്റേതല്ലെന്നും കേരളത്തിലെ ചില നേതാക്കളുടെ ദുർവാശിയാണെന്നും അദ്ദേഹം ആരോപിച്ചു.
ഭൂരിപക്ഷം ലഭിക്കുന്നതിന് മുൻപേ അധികാരം പങ്കിടുന്നതിനെച്ചൊല്ലി തമ്മിലടിക്കുന്നത് പ്രവർത്തകരുടെ മനോവീര്യം കെടുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എറണാകുളം ഡി.സി.സി പ്രസിഡന്റിന്റെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടതെന്നും ഇത്തരം നീക്കങ്ങൾ മുന്നണിക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വോട്ടെണ്ണും മുൻപേ വകുപ്പുകളും സ്റ്റേറ്റ് കാറുകളുടെ നമ്പരുകളും വരെ അനുയായികൾ നിശ്ചയിച്ചു തുടങ്ങിയതിൽ മുസ്ലീം ലീഗ് നേതൃത്വവും ഹൈക്കമാൻഡും കടുത്ത അതൃപ്തിയിലാണ്.
വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ എന്നിവർക്കായി സോഷ്യൽ മീഡിയയിൽ അനുയായികൾ ചേരിതിരിഞ്ഞ് പോരടിക്കുന്നത് യു.ഡി.എഫിനെ ജനമധ്യത്തിൽ പരിഹാസ്യരാക്കുന്നു എന്ന വികാരമാണ് മുന്നണിയിലെ മറ്റ് കക്ഷികൾ പങ്കുവെക്കുന്നത്.
