ലഹരി കലർന്ന അരിഷ്ടം വില്ലനായി; വയനാട്ടിൽ യുവാവ് മരിച്ചു, സ്ഥാപനം പോലീസ് അടപ്പിച്ചു
By Deepu Mananthavadi
വയനാട്: ‘
ധാത്ര്യാരിഷ്ടം’ എന്ന പേരിൽ വിൽക്കുന്ന ലഹരി കലർന്ന അരിഷ്ടം കഴിച്ച് യുവാവ് മരിച്ചതിനെത്തുടർന്ന് വയനാട്ടിൽ വ്യാപക പ്രതിഷേധം. കല്ലുമൊട്ടൻകുന്ന് ഉന്നതിയിലെ പ്രസാദ് (38) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ലഹരി കലർന്ന അരിഷ്ടം വിറ്റിരുന്ന ശ്രീ വിനായക ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനം പോലീസ് അടപ്പിച്ചു.
കഴിഞ്ഞ ഏപ്രിൽ 7-ന് രക്തം ഛർദ്ദിച്ചതിനെത്തുടർന്നാണ് പ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമിതമായ മദ്യപാനത്തിനൊപ്പം ഈ അരിഷ്ടം കുടിച്ചതിലൂടെ രക്തത്തിലുണ്ടായ മാറ്റങ്ങളാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചതായി ബന്ധുക്കൾ പറയുന്നു. ഡോക്ടറുടെ കുറിപ്പടിയോ ഫാർമസിസ്റ്റോ ഇല്ലാതെയാണ് ഈ സ്ഥാപനം അരിഷ്ടം വിറ്റിരുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുറഞ്ഞ വിലയിൽ ലഹരി ലഭിക്കുമെന്നതിനാൽ പ്രദേശത്തെ ആദിവാസികൾ ഉൾപ്പെടെയുള്ളവർ ഇത് സ്ഥിരമായി ഉപയോഗിച്ചിരുന്നതായും പരാതിയുണ്ട്.
ഡ്രൈ ഡേകളിൽ പോലും 24 മണിക്കൂറും ഇവിടെ ഈ ലഹരി മരുന്ന് ലഭ്യമായിരുന്നുവെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി സുമേഷ് ആരോപിച്ചു. പരാതി നൽകുമ്പോൾ കുറച്ചു ദിവസം അടച്ചിടുമെന്നല്ലാതെ ശാശ്വത നടപടി അധികൃതർ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
