വാൽപ്പാറയിൽ വിനോദസഞ്ചാര വാഹനം കൊക്കയിലേക്ക് മറിഞ്ഞു; എട്ട് മലയാളികൾ മരിച്ചു
By sumeshkrishnan
വാൽപ്പാറ:
അതിരപ്പിള്ളി-വാൽപ്പാറ പാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ എട്ട് മലയാളി വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടു. മലപ്പുറം പാങ്ങ് സ്വദേശികളായ അധ്യാപകരാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. വിനോദയാത്രയ്ക്കായി പുറപ്പെട്ട സംഘം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.
വാൽപ്പാറയിലെ പതിമൂന്നാം ഹെയർപിൻ വളവിൽ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട വാഹനം താഴെയുള്ള ഒമ്പതാം വളവിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് വാഹനത്തിൽ 16 പേരുണ്ടായിരുന്നു. പരിക്കേറ്റ എട്ടുപേരെ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
തമിഴ്‌നാട് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനം പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടത്തിൽപ്പെട്ടവർ കോഴിക്കോട്, മലപ്പുറം സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
