ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പ്: മൂന്ന് പേർ നോയിഡയിൽ പിടിയിൽ
ഗാസിയാബാദ് സ്വദേശി ഋഷികേശ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് കേവൽ, ഹരിയാനയിലെ ഫരീദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരാണ് പിടിയിലായത്
TNN WEB TEAM
ലക്‌നൗ/കണ്ണൂർ:
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഓൺലൈൻ ലോൺ ആപ്പ് മാഫിയയിലെ മൂന്ന് അംഗങ്ങളെ കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്ന് അതിസാഹസികമായാണ് പ്രതികളെ അന്വേഷണ സംഘം പിടികൂടിയത്.
ഗാസിയാബാദ് സ്വദേശി ഋഷികേശ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് കേവൽ, ഹരിയാന സ്വദേശി പ്രകാശ് ജയ് എന്നിവരാണ് പിടിയിലായത്. നോയിഡയിലെ ഒരു ഐടി പാർക്കിന് സമാനമായ ഓഫീസിൽ ഇരുന്ന് വൻതോതിലുള്ള സൈബർ തട്ടിപ്പുകളാണ് ഇവർ നടത്തിയിരുന്നത്. പണം തിരിച്ചടയ്ക്കാത്തവരെ ഭീഷണിപ്പെടുത്താൻ ഒരേസമയം 35 സിം കാർഡുകൾ വരെ പ്രവർത്തിപ്പിക്കാവുന്ന അത്യാധുനിക ഉപകരണങ്ങൾ ഇവർ ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തി.
ലോൺ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് നിതിന്റെ ഫോൺ വിവരങ്ങൾ ചോർത്തുകയും, കോളജിലെ അധ്യാപികയെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അധ്യാപിക പരാതിപ്പെട്ടതിനെത്തുടർന്ന് പ്രിൻസിപ്പൽ നിതിനെ ചോദ്യം ചെയ്യുകയും ഫോൺ പിടിച്ചുവെക്കുകയും ചെയ്തിരുന്നു. ഇതിലുണ്ടായ കടുത്ത മാനസിക വിഷമമാണ് വിദ്യാർത്ഥിയുടെ ആത്മഹത്യയിലേക്ക് നയിച്ചത്. 36 ശതമാനത്തിലധികം പലിശ ഈടാക്കുന്ന ഈ സംഘത്തിനെതിരെ ആത്മഹത്യ പ്രേരണ, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
