യുവാവിനെ മർദിച്ച കേസ്: വട്ടിയൂർക്കാവ് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു
വട്ടിയൂർക്കാവ്:
യുവാവിനെ മർദിച്ച കേസിലെ പ്രതിയെ വട്ടിയൂർക്കാവ് പോലീസ് പിടികൂടി. നവനക്കടവ് ഭാഗത്ത് കലാമേളയുടെ കാര്യങ്ങൾ നോക്കിക്കൊണ്ടിരുന്ന യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയായ വട്ടാട്ടുകോണം, പുത്തൻവീട്, നാരായണൻ മകൻ സന്തോഷ് കുമാർ (50) ആണ് പിടിയിലായത്.
2026 മാർച്ച് 22-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നവനക്കടവ് ഭാഗത്തെ ക്ഷേത്രത്തിലെ കലാമേളയുടെ കാര്യങ്ങൾ നോക്കിക്കൊണ്ടിരുന്ന പരാതിക്കാരനെ പ്രതികൾ ചവിട്ടി വീഴ്ത്തുകയും ഇരുമ്പ് വടി കൊണ്ട് തലയിൽ അടിക്കുകയുമായിരുന്നു. തടയാൻ ചെന്ന യുവാക്കളെയും പ്രതികൾ മർദിച്ചു. വട്ടിയൂർക്കാവ്, വഞ്ചിയൂർ പോലീസ് സ്റ്റേഷനുകളിലെ മൂന്ന് ആക്രമണ കേസുകളിൽ കൂടി പ്രതിയാണ് ഇയാൾ. സംഭവത്തിന് ശേഷം ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. കോടതിയിൽ ഹാജരാക്കിയ സന്തോഷ് കുമാറിനെ റിമാൻഡ് ചെയ്തു.
