പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

 പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

BY:TS TVM

തിരുവനന്തപുരം:

സംസ്ഥാനത്ത് പൊതുപ്രവർത്തകർ ഉൾപ്പെട്ട അഴിമതിക്കേസുകളുടെ വിചാരണാനുമതി നൽകുന്നതിൽ സർക്കാർ വലിയ രീതിയിൽ കാലതാമസം വരുത്തുന്നതായി റിപ്പോർട്ട്. അഴിമതി നിരോധന നിയമപ്രകാരം കോടതികൾക്ക് കേസ് പരിഗണിക്കാൻ ആവശ്യമായ അനുമതി ലഭിക്കാത്തതിനെ തുടർന്ന് വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ അന്വേഷണം പൂർത്തിയാക്കിയ 74 ഫയലുകളാണ് നിലവിൽ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നത്.

ഇതിൽ ചില കേസുകൾ എട്ട് വർഷത്തോളമായിട്ടും തീരുമാനമാകാതെ വിജിലൻസിൻ്റെ കോൾഡ് സ്റ്റോറേജിൽ തുടരുകയാണ്. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 19 അനുസരിച്ച്, ബന്ധപ്പെട്ട സർക്കാർ അധികാരികളിൽ നിന്നുള്ള അനുമതിയില്ലാതെ ഇത്തരം കേസുകളിൽ കോടതികൾക്ക് തുടർനടപടികൾ സ്വീകരിക്കാൻ കഴിയില്ല. ഇതാണ് അന്വേഷണ ഏജൻസിയെ പ്രതിസന്ധിയിലാക്കുന്നത്.

കേസുകളുടെ വിശദാംശങ്ങൾ ഇങ്ങനെ:

  • സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടവ: 72 കേസുകൾ
  • ഓൾ ഇന്ത്യ സർവീസ് (AIS) ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടവ: 1 കേസ്
  • ഗ്രൂപ്പ് ബി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടവ: 1 കേസ്

ഐ.എ.എസ് ഉൾപ്പെടെയുള്ള ഓൾ ഇന്ത്യ സർവീസ്, ഗ്രൂപ്പ് ബി ഉദ്യോഗസ്ഥരുടെ കാര്യത്തിൽ കേന്ദ്ര സർക്കാരാണ് വിചാരണാനുമതി നൽകേണ്ടത്. എന്നാൽ ഇതിനായുള്ള അപേക്ഷകൾ സംസ്ഥാന സർക്കാർ ഇതുവരെ കേന്ദ്രത്തിലേക്ക് അയച്ചിട്ടുപോലുമില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

ചുവപ്പുനാടയായി മാറുന്ന വകുപ്പ് മേധാവികൾ

സാധാരണ ഗതിയിൽ മൂന്ന് മുതൽ ആറ് മാസത്തിനകം ലഭ്യമാകേണ്ട അനുമതിയാണ് വർഷങ്ങളായി നീണ്ടുപോകുന്നത്. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 19 (2) പ്രകാരം, കുറ്റം നടന്ന സമയത്ത് പ്രസ്തുത ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് നീക്കം ചെയ്യാൻ അധികാരമുള്ള വകുപ്പ് മേധാവികളാണ് അനുമതി നൽകേണ്ടത്.

വിജിലൻസ് അന്വേഷണം പൂർത്തിയാക്കി നിയമോപദേശവും തേടിയ ശേഷമാണ് അനുമതിക്കായി ഫയലുകൾ സമർപ്പിക്കുന്നത്. എന്നാൽ ഐ.എ.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള വകുപ്പ് മേധാവികൾ ഈ അപേക്ഷകളിൽ തീരുമാനമെടുക്കാതെ ഫയലുകൾ വെച്ചുതാമസിപ്പിക്കുകയാണെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇത് അഴിമതിക്കേസുകളിൽ നീതി നടപ്പാക്കുന്നതിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്.

വിജിലൻസിൻ്റെ അടുത്ത നീക്കം

വിഷയത്തിൻ്റെ ഗൗരവം ബോധ്യപ്പെടുത്തി മുൻ എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്തും നിരവധി തവണ വിജിലൻസ് അധികൃതരെ സമീപിച്ചിരുന്നു. നിലവിലെ പുതിയ സർക്കാരിന് മുന്നിലും ഇതേ ആവശ്യം ശക്തമായി ഉന്നയിക്കാനാണ് വിജിലൻസിൻ്റെ തീരുമാനം. ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി എല്ലാ വകുപ്പ് സെക്രട്ടറിമാരെയും ഉൾപ്പെടുത്തി ഒരു പ്രത്യേക ഏകോപന യോഗം വിളിച്ചുചേർക്കാൻ സർക്കാരിനോട് ആവശ്യപ്പെടാനും വിജിലൻസ് വൃത്തങ്ങൾ ആലോചിക്കുന്നുണ്ട്

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News