മാഹിയിൽ വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം: കോടികളുടെ നഷ്ടം, ആളപായമില്ല
കോഴിക്കോട്:
ബേപ്പൂരിനടുത്ത് വെസ്റ്റ് മാഹിയിൽ പ്രവർത്തിക്കുന്ന രേണുക ഓയിൽ മില്ലിൽ ഞായറാഴ്ച രാത്രി പത്തരയോടെ വൻ തീപിടിത്തം. അപകടത്തിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ഭാഗ്യവശാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വിറക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡ്രയറിൽ നിന്ന് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഡ്രയറിന് സമീപം സംസ്കരണത്തിനായി സൂക്ഷിച്ചിരുന്ന കൊപ്രയിലേക്കും തുടർന്ന് ഫാക്ടറിക്കുള്ളിലെ മറ്റ് കൊപ്ര സ്റ്റോക്കുകൾ, ചാക്കുകൾ, പ്ലാസ്റ്റിക് കുപ്പികൾ, പാക്കിങ് സാമഗ്രികൾ, യന്ത്രങ്ങൾ എന്നിവയിലേക്കും തീ അതിവേഗം വ്യാപിക്കുകയായിരുന്നു. കന്നാസുകളിലും വലിയ സംഭരണികളിലുമായി സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണയിലേക്ക് തീ പടർന്നതോടെ പ്രദേശം വലിയ തീഗോളമായി മാറി. മില്ലിന് സമീപത്ത് നിർത്തിയിട്ടിരുന്ന ഒരു ലോറിയും പൂർണമായും കത്തിനശിച്ചു.
തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്ത് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളും നാട്ടുകാരും ചേർന്ന് അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ആദ്യം മീഞ്ചന്ത ഫയർ യൂണിറ്റിൽ നിന്നുള്ള സംഘമാണ് സ്ഥലത്തെത്തിയത്. എന്നാൽ തീ അതിവേഗം പടർന്നതിനാൽ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മലപ്പുറത്ത് നിന്നുമായി പതിനഞ്ചോളം അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. എട്ടര മണിക്കൂർ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.
ഫാക്ടറിക്ക് ചുറ്റുമുള്ള മതിലുകൾ തുടക്കത്തിൽ രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു. കൊപ്ര കൂട്ടിയിട്ടിരുന്ന ഭാഗത്ത് വെള്ളം ഒഴിക്കുന്തോറും ഉള്ളിൽ നിന്ന് വീണ്ടും തീ പടർന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് കൊപ്ര കൂനകൾ മാറ്റി വെള്ളം പമ്പ് ചെയ്താണ് തീ പൂർണ്ണമായി അണച്ചത്. സുരക്ഷ മുൻനിർത്തി ബാക്കിയുള്ള കൊപ്ര സ്റ്റോക്കുകൾ തിങ്കളാഴ്ച രാവിലെയോടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
