പാലത്തായി പോക്സോ കേസ്: പ്രതി പത്മരാജന്റെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു; ഉപാധികളോടെ ജാമ്യം
BY :HABEEB EDAPALLY
എറണാകുളം:
ഏറെ വിവാദങ്ങൾ സൃഷ്ടിച്ച പാലത്തായി പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ കുനിയിൽ പത്മരാജന്റെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു. വിചാരണക്കോടതിയുടെ ഉത്തരവിൽ പ്രഥമദൃഷ്ട്യാ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പെൺകുട്ടിയുടെ മൊഴികളിലെ വൈരുധ്യവും വ്യത്യസ്ത അന്വേഷണ സംഘങ്ങളുടെ റിപ്പോർട്ടുകളിലെ വലിയ വ്യത്യാസങ്ങളും കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നടപടി. അതിജീവിതയുടെ മൊഴിയിൽ സമയബന്ധിതമായി വന്ന മാറ്റങ്ങളും ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ കണ്ടെത്തലുകളിലെ പരസ്പരവിരുദ്ധമായ നിഗമനങ്ങളും തള്ളിക്കളയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സ്ഥലത്തെക്കുറിച്ചുള്ള സംശയങ്ങളും വൈദ്യപരിശോധനാ ഫലങ്ങളിലെ വൈരുധ്യങ്ങളും അപ്പീൽ ഹർജിയിൽ വിശദമായി വാദിക്കാൻ പ്രതിഭാഗത്തിന് വ്യക്തമായ ന്യായങ്ങളുണ്ടെന്ന് കോടതി വ്യക്തമാക്കി. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യവും സമർപ്പിക്കണമെന്നും അതിജീവിത താമസിക്കുന്ന റവന്യൂ ജില്ലയിൽ പ്രവേശിക്കരുതെന്നും ഉൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയത്.
10 വയസ്സുകാരിയായ വിദ്യാർഥിനിയെ സ്കൂളിലെ ശുചിമുറിയിലും വീട്ടിലും വച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ 2020 മാർച്ച് 16-നാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. തുടർന്ന് ജനകീയ പ്രതിഷേധങ്ങൾക്കൊടുവിൽ അറസ്റ്റിലായ പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തുകയായിരുന്നു. കേസിന്റെ വിവിധ ഘട്ടങ്ങളിൽ നാർക്കോട്ടിക് സെല്ലും ക്രൈംബ്രാഞ്ചും ഉൾപ്പെടെ അഞ്ചോളം അന്വേഷണ സംഘങ്ങളാണ് കേസ് കൈകാര്യം ചെയ്തത്. ഒടുവിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ നടന്ന വിചാരണയിൽ ജീവപര്യന്തം തടവും 40 വർഷം കഠിനതടവും വിചാരണക്കോടതി പ്രതിക്ക് വിധിച്ചിരുന്നു. ഈ ശിക്ഷാവിധിക്കെതിരെ പത്മരാജൻ നൽകിയ അപ്പീലിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ സുപ്രധാനമായ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
