കശുവണ്ടി അഴിമതിക്കേസ്: മുഹമ്മദ് ഹനീഷ് സിംഗിൾ ബെഞ്ചിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി
BY:TS TVM
കൊച്ചി:
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന് ശക്തമായ തിരിച്ചടി. സിംഗിൾ ബെഞ്ചിന് മുന്നിൽ നേരിട്ട് ഹാജരാകണമെന്ന ഉത്തരവിനെതിരെ അദ്ദേഹം നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.
വിദേശത്തുനിന്ന് അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതി നടന്നതായി സിബിഐ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കശുവണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാൻ ആർ. ചന്ദ്രശേഖരൻ, മുൻ എംഡി കെ.എ. രതീഷ് എന്നിവരെ വിചാരണ ചെയ്യാൻ അനുമതി നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടും പ്രോസിക്യൂഷൻ അനുമതി നൽകാതിരുന്നതിനാണ് മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.
കേസിൽ അഴിമതി കണ്ടെത്താൻ തനിക്ക് കഴിഞ്ഞിട്ടില്ല എന്നായിരുന്നു ഉദ്യോഗസ്ഥൻ കോടതിയിൽ നൽകിയ വിശദീകരണം. എന്നാൽ സിബിഐ പ്രഥമദൃഷ്ട്യാ അഴിമതി കണ്ടെത്തിയ ഒരു കേസിൽ, അഴിമതി നടന്നിട്ടില്ല എന്ന് പറയാൻ ഭരണപരമായ ഒരു ഉദ്യോഗസ്ഥന് എങ്ങനെ സാധിക്കുമെന്ന് ചോദ്യം ചെയ്ത കോടതി, ഹൈക്കോടതിയുടെ കണ്ടെത്തലുകളെ മറികടക്കാൻ ഉദ്യോഗസ്ഥന് അധികാരമില്ലെന്ന് രൂക്ഷമായി വിമർശിച്ചു. തുടർന്ന് സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച കോടതി, മുഹമ്മദ് ഹനീഷിനോട് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു.
