അപ്രഖ്യാപിത പവർകട്ടിന് വിരാമം: വൈദ്യുതി തടസ്സം ഇനി ഫോണിലറിയാം; നമ്പർ കെ.എസ്.ഇ.ബി പോർട്ടലിൽ രജിസ്റ്റർ ചെയ്യാം
BY : TNN WEB TEAM
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിലെ അനിശ്ചിതത്വങ്ങൾക്കും പരാതികൾക്കും പരിഹാരമായി കൃത്യമായ മുന്നറിയിപ്പുകളോടെ വൈദ്യുതി നിയന്ത്രണം നടപ്പാക്കാൻ തീരുമാനം. അപ്രഖ്യാപിത ലോഡ്ഷെഡിംഗിന് പകരമായി, വൈദ്യുതി തടസ്സപ്പെടുന്ന വിവരങ്ങൾ ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കുന്ന സന്ദേശങ്ങൾ ഇന്ന് മുതൽ മൊബൈൽ ഫോണുകളിൽ ലഭിച്ചുതുടങ്ങും.
എസ്.എം.എസ് സന്ദേശങ്ങൾ കൃത്യമായി ലഭിക്കാത്ത ഉപഭോക്താക്കൾക്കായി രജിസ്ട്രേഷൻ സൗകര്യവും കെ.എസ്.ഇ.ബി ഒരുക്കിയിട്ടുണ്ട്. പോർട്ടൽ വഴിയോ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമായ ‘KSEB’ ഔദ്യോഗിക ആപ്പിലെ ‘വിത്ത് യു’ (With You) ഫീച്ചർ വഴിയോ ഉപഭോക്താക്കൾക്ക് മൊബൈൽ നമ്പർ ബന്ധിപ്പിക്കാം. പുതിയ സംവിധാനത്തിന്റെ പരീക്ഷണ ഘട്ടം പൂർത്തിയാകുന്നതോടെ സേവനം പൂർണ്ണതോതിൽ ലഭ്യമാകും.
ഓൺലൈനായി നമ്പർ എങ്ങനെ രജിസ്റ്റർ ചെയ്യാം?
- കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക പോർട്ടലായ https://wss.kseb.in/selfservices/ സന്ദർശിക്കുക.
- ഹോം പേജിലെ വിവിധ സർവീസുകളിൽ നിന്ന് ‘Register Mobile/Email’ എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
- തുടർന്ന് വരുന്ന ‘Receive alerts for new bills, supply interruptions’ എന്ന കോളത്തിൽ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യാം.
