സംസ്ഥാനത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി; ഒറ്റയടിക്ക് വർധിച്ചത് 993 രൂപ
തിരുവനന്തപുരം:
നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വിലയില്‍ റെക്കോഡ് വര്‍ധന. എണ്ണവിതരണ കമ്പനികള്‍ വാണിജ്യ സിലിണ്ടറിന് (19 കിലോഗ്രാം) ഒറ്റയടിക്ക് 993 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍ വില 3,000 രൂപ കടന്നു.
പുതിയ നിരക്കുകൾ പ്രകാരം കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 3,085 രൂപയായി ഉയര്‍ന്നു. തിരുവനന്തപുരത്ത് 3,106 രൂപയും കോഴിക്കോട് 3,117.5 രൂപയുമാണ് നിലവിലെ വില. ഒറ്റയടിക്ക് ഇത്രയധികം തുക വര്‍ധിപ്പിക്കുന്നത് അപൂര്‍വ്വമാണെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ജനുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലും സിലിണ്ടര്‍ വിലയില്‍ വര്‍ധനവുണ്ടായിരുന്നു.
ഈ കനത്ത വിലക്കയറ്റം ഹോട്ടലുകളെയും തട്ടുകടകളെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പാചകവാതക വിലയിലുണ്ടായ കുതിച്ചുചാട്ടം ഹോട്ടലുകളെ ഭക്ഷണവിഭവങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കും. ഇത് സാധാരണക്കാരെയും വലിയ തോതില്‍ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
