കുടിക്കുന്ന വെള്ളത്തിലും വിഷം? പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്‌ലേരിയ്ക്കും മസാല കമ്പനികൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി!

 കുടിക്കുന്ന വെള്ളത്തിലും വിഷം? പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്‌ലേരിയ്ക്കും മസാല കമ്പനികൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി!

ന്യൂഡൽഹി: ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് പ്രമുഖ കുപ്പിവെള്ള നിർമ്മാതാക്കളായ ബിസ്‌ലേരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെ അഞ്ച് ഭക്ഷ്യ ഉൽപ്പാദക കമ്പനികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അനുമതി നൽകി.

ബിസ്‌ലേരിയുടെ പാക്ക് ചെയ്ത കുടിവെള്ള സാമ്പിളുകളിൽ അനുവദനീയമായ പരിധിയിലും കൂടുതൽ ‘ബ്രോമേറ്റ്’ എന്ന രാസസംയുക്തത്തിന്റെ സാന്നിധ്യം കണ്ടെത്തിയതാണ് നടപടിക്ക് കാരണമായത്. വെള്ളം ശുദ്ധീകരിക്കുന്ന പ്രക്രിയയ്ക്കിടെ രൂപപ്പെടാൻ സാധ്യതയുള്ള രാസവസ്തുവാണ് ബ്രോമേറ്റ്. ഇതിനുപുറമെ, റഫറൽ ഫുഡ് ലബോറട്ടറി നടത്തിയ പരിശോധനയിൽ പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോ കാർബണുകളുടെ സാന്നിധ്യം കണ്ടെത്തിയതും ഉൽപ്പന്നം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കാൻ കാരണമായി. 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമാണ് ബിസ്‌ലേരിക്കെതിരെ നിയമനടപടിക്ക് അനുമതി നൽകിയിരിക്കുന്നത്. വിഷയത്തിൽ കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ബിസ്‌ലേരിക്ക് പുറമെ പ്രമുഖ മസാല ബ്രാൻഡുകൾക്കെതിരെയും എഫ്‌എസ്‌എസ്‌എഐ പിടിമുറുക്കിയിട്ടുണ്ട്:

  • വസന്ത് മസാല പ്രൈവറ്റ് ലിമിറ്റഡ്: ഇവരുടെ മുളകുപൊടിയിൽ അനുവദനീയമായ അളവിലും കൂടുതൽ ‘ഡൈഫെനോകോണസോൾ’ (Difenoconazole) എന്ന കീടനാശിനി അവശിഷ്ടം കണ്ടെത്തിയതിനെത്തുടർന്ന് കേസെടുത്തു.
  • ടിറ്റ്-ബിറ്റ് ഫുഡ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്: അമിതമായി കീടനാശിനി അവശിഷ്ടങ്ങൾ അടങ്ങിയ മുളകുപൊടിയും, അനുവദനീയമായ പരിധിയിലധികം ടിൻ (Tin) അടങ്ങിയ മഞ്ഞൾപ്പൊടിയും വിപണിയിലെത്തിച്ചതിന് പ്രോസിക്യൂഷൻ നടപടി നേരിടുകയാണ്.

കൂടാതെ, ഗുരുതരമായ ഭക്ഷ്യസുരക്ഷാ-ശുചിത്വ ലംഘനങ്ങൾ കണ്ടെത്തിയ മറ്റ് രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസുകൾ അധികൃതർ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News