കെ.എസ്.ഇ.ബി സി.എം.ഡിയായി എൻ. പ്രശാന്ത്; പ്രമുഖ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റവും പുതിയ ചുമതലകളും
തിരുവനന്തപുരം:
സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് സമഗ്ര അഴിച്ചുപണി. ആഭ്യന്തരം, വിജിലൻസ്, ധനകാര്യം, ആരോഗ്യം, കെ.എസ്.ഇ.ബി തുടങ്ങി നിർണായക വകുപ്പുകളിലെല്ലാം പുതിയ മേധാവികൾ ചുമതലയേൽക്കും.
സസ്പെൻഷനിലായിരുന്ന എൻ. പ്രശാന്തിനെ കെ.എസ്.ഇ.ബി ചെയർമാൻ-മാനേജിങ് ഡയറക്ടറായി (സി.എം.ഡി) നിയമിച്ചു. ഇതിനായി കെ.എസ്.ഇ.ബി സി.എം.ഡി തസ്തിക ഒരു വർഷത്തേക്ക് ഐ.എ.എസ് സെലക്ഷൻ ഗ്രേഡിൽ എക്സ്കേഡർ പോസ്റ്റായി ഉയർത്തിയിട്ടുണ്ട്. കായിക യുവജനകാര്യ സ്പെഷ്യൽ സെക്രട്ടറിയുടെ ചുമതലയും അദ്ദേഹം തുടരും.
ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയ ഡോ. ശർമ്മിള മേരി ജോസഫിനെ ഗതാഗത സെക്രട്ടറിയായി നിയമിച്ചു. വനിതാ ശിശുവികസന വകുപ്പിൻ്റെ അധിക ചുമതലയും ഇവർക്കുണ്ട്. പകരം മുഹമ്മദ് ഹനീഷിനെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ആയുഷ്, പൊതുവിദ്യാഭ്യാസം, വഖഫ്, ന്യൂനപക്ഷ ക്ഷേമം എന്നിവയുടെ അധിക ചുമതലയും അദ്ദേഹത്തിനാണ്.
ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കെ.ആർ. ജ്യോതിലാലിനെ ആഭ്യന്തര-വിജിലൻസ് വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി മാറ്റി. ജലവിഭവം, ഭവനനിർമാണം, കയർ എന്നീ വകുപ്പുകളുടെ പൂർണ അധിക ചുമതലയും അദ്ദേഹം വഹിക്കും. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന മിൻഹാജ് അലത്തെ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. നികുതി വകുപ്പ്, ആർ.കെ.ഐ സി.ഇ.ഒ, കെ.എഫ്.സി ചെയർമാൻ എന്നീ അധിക ചുമതലകളും മിൻഹാജ് അലത്തിനാണ്.
കെ.എസ്.ഇ.ബി സി.എം.ഡിയായിരുന്ന എം.ജി. രാജമാണിക്യത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ദേവസ്വം വകുപ്പിൻ്റെയും ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങളുടെ കമ്മീഷണർ പദവിയുടെയും അധിക ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.
