പീരുമേട്ടിൽ കെഎസ്ആർടിസി ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്കും ഡ്രൈവർക്കും പരിക്ക്
BY: SHIBU K THAMPI PEERUMEDU
പീരുമേട്: പീരുമേട്ടിൽ കെഎസ്ആർടിസി ബസ്സും സ്വകാര്യ പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് അപകടം. കുമളി ഡിപ്പോയിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും പിക്കപ്പ് വാഹനവുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരം നാല് മണിയോടെ പീരുമേട് ബിഎസ്എൻഎൽ (BSNL) ഓഫീസിന് സമീപമുള്ള കൊടും വളവിലായിരുന്നു സംഭവം.
കുട്ടിക്കാനം ഭാഗത്തുനിന്ന് ചരക്കുമായി പീരുമേട് ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാഹനം കെഎസ്ആർടിസി ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ബസ്സിലെ യാത്രക്കാർക്കും പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവർക്കും പരിക്കേറ്റു. നിസ്സാര പരിക്കേറ്റ ഇവരെ ഉടൻതന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.
അപകടത്തെ തുടർന്ന് പ്രദേശത്ത് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് പീരുമേട് പോലീസ് സ്ഥലത്തെത്തി തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കുകയും സംഭവത്തിൽ തുടർന്നുള്ള മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു.
