അഴിത്തലയിലെ വിദ്യാർത്ഥിയുടെ മരണം: ദുരൂഹത ആരോപിച്ച് കുടുംബം; അന്വേഷണം ശക്തമാക്കി പോലീസ്

 അഴിത്തലയിലെ വിദ്യാർത്ഥിയുടെ മരണം: ദുരൂഹത ആരോപിച്ച് കുടുംബം; അന്വേഷണം ശക്തമാക്കി പോലീസ്

BY:LATHIKA MENON

കാസർകോട്: നീലേശ്വരം തൈക്കടപ്പുറം അഴിത്തലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ നീരജ് സന്തോഷ് (15) ജീവനൊടുക്കിയ സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെയും ബാഹ്യസമ്മർദ്ദങ്ങൾക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ചെറുവത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ വിദ്യാർത്ഥിയായ നീരജിനെ നവംബർ ഒന്ന് ഞായറാഴ്ച ഉച്ചയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരു പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ സ്കൂളിൽ വെച്ച് നീരജിന് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. അധ്യാപകർ തടഞ്ഞുവെക്കുകയും സ്റ്റാഫ് റൂമിൽ നിർത്തി ബുദ്ധിമുട്ടിക്കുകയും ചെയ്തതായി ബന്ധുക്കൾ പറഞ്ഞു. കൂടാതെ, മരണദിവസം ഉച്ചയ്ക്ക് അജ്ഞാത ഫോൺ സന്ദേശം വന്ന് പുറത്തുപോയി തിരികെ വന്ന ശേഷമാണ് നീരജ് ജീവനൊടുക്കിയതെന്നും, തിരികെ എത്തുമ്പോൾ കുട്ടിയുടെ മുഖത്ത് മർദ്ദനമേറ്റ ലക്ഷണങ്ങളും കടുത്ത മാനസിക സമ്മർദ്ദവും ഉണ്ടായിരുന്നുവെന്നും പിതാവ് സന്തോഷ് ഡിവൈഎസ്‌പിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, ആരോപണങ്ങൾ തള്ളി സ്കൂൾ അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയെ സ്റ്റാഫ് റൂമിൽ പൂട്ടിയിട്ടു എന്നതും പ്രണയബന്ധത്തിന്റെ പേരിൽ ചോദ്യം ചെയ്തു എന്നതും തെറ്റായ പ്രചാരണമാണെന്നും, സ്കൂളിന്റെ ഭാഗത്തുനിന്ന് ആത്മഹത്യയിലേക്ക് നയിക്കുന്ന രീതിയിലുള്ള സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഹെഡ്മാസ്റ്റർ മനോജ് ടി.പി പ്രതികരിച്ചു.

സംഭവത്തിൽ നീലേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ ഫോൺ രേഖകൾ, വാട്സ്ആപ്പ് സന്ദേശങ്ങൾ, കോൾ ഡിറ്റെയ്‌ലുകൾ എന്നിവ സൈബർ സെല്ലിന്റെ സഹായത്തോടെ വിശദമായി പരിശോധിച്ചുവരികയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News