കോഴിക്കോട്ട് മലേറിയ സ്ഥിരീകരിച്ചു: സംസ്ഥാനത്തെ ഈ വർഷത്തെ ആദ്യ കേസ് തിക്കോടിയിൽ
BY :TS TVM
കോഴിക്കോട്:
സംസ്ഥാനത്ത് വിവിധ പകർച്ചവ്യാധികൾ ആശങ്കയുയർത്തി പടരുന്നതിനിടയിൽ കോഴിക്കോട്ട് മലേറിയയും (മലമ്പനി) സ്ഥിരീകരിച്ചു. നിപ, ഷിഗെല്ല, ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്ക് പിന്നാലെയാണ് ഇപ്പോൾ മലേറിയയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് തിക്കോടിയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ മലേറിയ കേസാണിത്.
പകർച്ചവ്യാധികളുടെ വ്യാപനം ആരോഗ്യവകുപ്പ് അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ തിക്കോടിയിലും പരിസര പ്രദേശങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങളും കൊതുക് നശീകരണ നടപടികളും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.
പനിയോടൊപ്പം ശക്തമായ കുളിര്, തലവേദന, പേശി വേദന എന്നിവയാണ് മലേറിയയുടെ പ്രാരംഭ ലക്ഷണങ്ങൾ. വിറയലോടെ തുടങ്ങി ശക്തമായ പനിയും കുളിരും ദിവസേനയോ, ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ, മൂന്ന് ദിവസം കൂടുമ്പോഴോ ആവർത്തിച്ച് വരുന്നത് മലമ്പനിയുടെ പ്രധാന ലക്ഷണമാണ്. ഇതോടൊപ്പം മനംപുരട്ടൽ, ഛർദ്ദി, ചുമ, കണ്ണിലും ത്വക്കിലും മഞ്ഞനിറം എന്നിവയും പ്രകടമായേക്കാം. ചിലരിൽ പനിയും ശക്തമായ തലവേദനയും മാത്രമായും രോഗലക്ഷണങ്ങൾ കാണാറുണ്ട്. പനി ബാധിക്കുന്നവർ സ്വയംചികിത്സയ്ക്ക് മുതിരാതെ എത്രയും വേഗം വൈദ്യസഹായം തേടണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.
