ശബരിമല നെയ്യ് ഇടപാടിൽ ക്രമക്കേട്: പ്രത്യേക സംഘത്തിന്റെ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

 ശബരിമല നെയ്യ് ഇടപാടിൽ ക്രമക്കേട്: പ്രത്യേക സംഘത്തിന്റെ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി:

ശബരിമലയിലെ അരവണ നിർമാണത്തിനായി മിൽമയിൽനിന്ന് നെയ്യ് വാങ്ങിയതിലെ ഗുരുതര ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക വിജിലൻസ് സംഘത്തെ (SIT) നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ (VACB) ഡയറക്ടർ അന്വേഷണ സംഘം രൂപീകരിച്ച് കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം. ശബരിമല സ്പെഷ്യൽ കമ്മിഷണറും ദേവസ്വം ചീഫ് വിജിലൻസ് ഓഫിസറും നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത ഹർജി പരിഗണിക്കവേയാണ് ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഇടപെടൽ.

ഇ ടെൻഡറിലൂടെ തമിഴ്‌നാട്ടിലെ കുംകുമാ രാജ് ഡയറി ലീറ്ററിന് 369 രൂപയ്ക്ക് നെയ്യ് നൽകാൻ സന്നദ്ധത അറിയിച്ചിട്ടും, ഇത് ഒഴിവാക്കി ലീറ്ററിന് 510 രൂപ നിരക്കിലാണ് മിൽമയിൽനിന്ന് 1.65 ലക്ഷം ലീറ്റർ നെയ്യ് വാങ്ങാൻ ബോർഡ് തീരുമാനിച്ചത്. മിൽമയുടെ നെയ്യ് ഉപയോഗിച്ചാൽ 10 ലീറ്ററിന് പകരം 7 ലീറ്റർ മതിയാകുമെന്ന മുൻ എക്‌സിക്യൂട്ടീവ് ഓഫിസറുടെ അനുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. എന്നാൽ ഇതിന് ശാസ്ത്രീയ അടിത്തറയില്ലെന്നും ഇ ടെൻഡർ പിന്തുടർന്നിരുന്നെങ്കിൽ ബോർഡിന് 2.27 കോടി രൂപ ലാഭിക്കാമായിരുന്നുവെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ദേവസ്വം കമ്മിഷണറുടെ ശക്തമായ എതിർപ്പും ശാസ്ത്രീയ പരിശോധനകളുടെ അഭാവവും അവഗണിച്ച് മുൻ ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉൾപ്പെടെയുള്ള സമിതിയാണ് കരാർ നൽകാൻ തീരുമാനിച്ചതെന്ന കണ്ടെത്തലും കോടതി ചൂണ്ടിക്കാട്ടി. ഇതിനുപുറമെ, കരാർ പ്രകാരമുള്ള മുഴുവൻ നെയ്യും സന്നിധാനത്ത് എത്തിയിട്ടുണ്ടോ എന്നതിലും ഗതാഗത രേഖകളിൽ ഉൾപ്പെടെ ഗുരുതരമായ പൊരുത്തക്കേടുകൾ ഉള്ളതായി റിപ്പോർട്ടിലുണ്ട്.

തുടരന്വേഷണം നടത്തി സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി വിജിലൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News