വഞ്ചിയൂർ വധശ്രമക്കേസ്: പ്രതികളെ രക്ഷിക്കാൻ ഗൂഢാലോചന നടത്തിയ വട്ടിയൂർക്കാവ് സ്വദേശി അറസ്റ്റിൽ
BY:TS TVM
തിരുവനന്തപുരം:
വഞ്ചിയൂരിൽ വഴിത്തർക്കത്തെ തുടർന്ന് അച്ഛനെയും പ്രായപൂർത്തിയാകാത്ത മകനെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയും തെളിവ് നശിപ്പിക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്ത ഒരാളെക്കൂടി വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ്, പടയണി റോഡ്, ശിവശക്തി ഭവനിൽ സതീഷ് കുമാർ (46- അപരനാമം: മരുതൻകുഴി അമ്പിളി) എന്നയാളാണ് പിടിയിലായത്. ഇയാൾ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ (RHS) ഉൾപ്പെട്ടയാളും അഞ്ചോളം വധശ്രമ/ആക്രമണ കേസുകളിൽ പ്രതിയുമാണ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: റോഡിൽ വഴിതടസ്സമായി വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിലാണ് സ്കൂട്ടർ യാത്രികരായ പിതാവിനും മകനും നേരെ ആക്രമണമുണ്ടായത്. കേസിൽ പ്രധാന പ്രതിയായ ശ്യാംകുമാർ (തകരപ്പറമ്പ് കുട്ടൻ) നിലവിൽ റിമാൻഡിലാണ്. ഇയാളെയും ഒപ്പമുണ്ടായിരുന്ന സഹായിയെയും ഒളിവിൽ പോകാൻ സൗകര്യമൊരുക്കിയതിനും, അഭയം നൽകിയതിനുമാണ് സതീഷ് കുമാറിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ കേസിൽ ആൾമാറാട്ടം നടത്തി പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച മാരായമുട്ടം സ്വദേശി അഖിൽ (പ്ലാച്ചി- 39) എന്നയാളും നേരത്തെ റിമാൻഡിലായിട്ടുണ്ട്. സംഭവസമയം തകരപ്പറമ്പ് കുട്ടനോടൊപ്പം ചേർന്ന് അച്ഛനെയും മകനെയും ആക്രമിച്ച പ്രധാന സഹായിയെയും, ഗൂഢാലോചനയിൽ പങ്കാളികളായ മറ്റുള്ളവരെയും കണ്ടെത്താനായി വഞ്ചിയൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
