വഴുതക്കാട് കുടിവെള്ള പൈപ്പ് ചോർച്ച: അറ്റകുറ്റപ്പണി വൈകുന്നു; ജനജീവിതം ദുസ്സഹമാകുന്നു

 വഴുതക്കാട് കുടിവെള്ള പൈപ്പ് ചോർച്ച: അറ്റകുറ്റപ്പണി വൈകുന്നു; ജനജീവിതം ദുസ്സഹമാകുന്നു

by sumeshkrishnan

തിരുവനന്തപുരം:

നഗരമധ്യത്തിലെ വഴുതക്കാട് ഹയാത്ത് ഹോട്ടലിന് സമീപം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ വൈകുന്നത് കുടിവെള്ള വിതരണത്തെ ഗുരുതരമായി ബാധിക്കുന്നു. ഏപ്രിൽ 13-ന് രാത്രി പത്ത് മണിയോടെയാണ് ലൈനിൽ വലിയ തോതിലുള്ള ചോർച്ച രൂപപ്പെട്ടത്. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും ഇത് പരിഹരിക്കാൻ ബന്ധപ്പെട്ട കരാറുകാരോ സ്മാർട്ട് സിറ്റി അധികൃതരോ തയ്യാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു.

കെ.ആർ.എഫ്.ബി / സ്മാർട്ട് സിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപിച്ചിട്ടുള്ള ഈ പൈപ്പ് ലൈനുകളുടെ അഞ്ചുവർഷത്തെ അറ്റകുറ്റപ്പണി ഉത്തരവാദിത്തം പൈപ്പ് സ്ഥാപിച്ച കരാറുകാരനാണ്. ചോർച്ച ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വാട്ടർ അതോറിറ്റി വിവരമറിയിച്ചിട്ടും സ്മാർട്ട് സിറ്റി അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ നീക്കങ്ങൾ ഉണ്ടായിട്ടില്ല. കഠിനമായ വേനലിൽ കുടിവെള്ളം പാഴാകുന്നത് തടയാൻ വാട്ടർ അതോറിറ്റി വാൽവുകൾ അടയ്ക്കാൻ നിർബന്ധിതമായിരിക്കുകയാണ്.

ഈ നടപടി മുന്നൂറോളം കുടുംബങ്ങളെയും പ്രദേശത്തെ നിരവധി വ്യാപാര സ്ഥാപനങ്ങളെയും നേരിട്ട് ബാധിച്ചിട്ടുണ്ട്. ജനങ്ങളുടെ പരാതി രൂക്ഷമായതോടെ ചോർച്ച നിലനിൽക്കുമ്പോഴും ദിവസം മൂന്ന് മണിക്കൂർ വീതം വാൽവ് തുറന്ന് കുടിവെള്ളം വിതരണം ചെയ്യുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഡിഫക്ട് ലയബിലിറ്റി കാലാവധിയിലുള്ള ഈ പൈപ്പ് ലൈൻ അറ്റകുറ്റപ്പണി സ്മാർട്ട് സിറ്റി അധികൃതർ അടിയന്തരമായി പൂർത്തിയാക്കണമെന്ന് വാട്ടർ അതോറിറ്റി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News