അഞ്ച് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കറും ലക്ഷ്യമിട്ട് മുസ്ലീം ലീഗ്; മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പിന്തുണയ്ക്കും By:TS Tvm
തിരുവനന്തപുരം:
എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ അഞ്ച് മന്ത്രിസ്ഥാനങ്ങളും ഡെപ്യൂട്ടി സ്പീക്കർ പദവിയും ലക്ഷ്യമിട്ട് മുസ്ലീം ലീഗ് ചർച്ചകൾ സജീവമാക്കി. മന്ത്രിസ്ഥാനത്തേക്ക് പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, ആബിദ് ഹുസൈൻ തങ്ങൾ, എൻ. ഷംസുദീൻ, പാറക്കൽ അബ്ദുള്ള എന്നീ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് എ.കെ.എം. അഷ്റഫിനെ പരിഗണിക്കാനാണ് സാധ്യത.
മുൻ ഉമ്മൻചാണ്ടി മന്ത്രിസഭയുടെ മാതൃകയിൽ അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം. എങ്കിലും, സാമുദായിക സന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ട ആശങ്കകൾ യുഡിഎഫിന് ദോഷം ചെയ്യുമോ എന്ന് ലീഗിനും കോൺഗ്രസിനും ഒരുപോലെ ഭയമുണ്ട്. അതിനാൽ അഞ്ചാം മന്ത്രിസ്ഥാനം ലഭിക്കുമോ എന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.
അധികാരത്തിൽ വന്നാൽ പിന്തുടരേണ്ട കർശനമായ മാനദണ്ഡങ്ങൾ ലീഗ് നേതൃത്വം ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം ഏകപക്ഷീയമായി നടത്തരുത്. മണ്ഡലം കമ്മിറ്റികളുടെയും പോഷക സംഘടനകളുടെയും അഭിപ്രായം തേടണമെന്നും, ഉപജാപക സംഘങ്ങളുടെ പിടിയിൽ പെടാതെ ജാഗ്രത പാലിക്കണമെന്നുമാണ് പാർട്ടി നൽകിയിരിക്കുന്ന നിർദേശം.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിലെ വിവാദങ്ങൾ യുഡിഎഫിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്ന് ലീഗ് വിലയിരുത്തുന്നു. എക്സിറ്റ് പോളുകളിൽ ഏറ്റവും കൂടുതൽ ജനപിന്തുണ പ്രകടമായത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്നും, അതിനാൽ ജനവികാരം പരിഗണിച്ച് അദ്ദേഹത്തെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ വ്യക്തമാക്കിയത്.
