സിഎംആർഎൽ-എക്സാലോജിക് കേസ്: വീണ ടി ചോദ്യം ചെയ്യലിനായി കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരായി

 സിഎംആർഎൽ-എക്സാലോജിക് കേസ്: വീണ ടി ചോദ്യം ചെയ്യലിനായി കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരായി

കൊച്ചി:

സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ നിർണ്ണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ചോദ്യം ചെയ്യലിനായി വീണ ടി കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരായി. ഇ.ഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് നിലവിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. മന്ത്രി പി.എ. മുഹമ്മദ് റിയാസും വീണയ്‌ക്കൊപ്പം വാഹനത്തിൽ എത്തിയിരുന്നെങ്കിലും വീണ തനിച്ചാണ് ഇ.ഡി ഓഫീസിലേക്ക് കയറിയത്.

സി.എം.ആർ.എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ എല്ലാ വിശദാംശങ്ങളും ചോദിച്ചറിയാൻ വിപുലമായ ചോദ്യാവലിയാണ് ഇ.ഡി തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളിലാണ് അന്വേഷണസംഘം വിശദീകരണം തേടുന്നത്:

ഇ.ഡിയുടെ പ്രധാന ചോദ്യാവലി:

  • സേവനം നൽകാതെയുള്ള പണമിടപാട്: യാതൊരു സേവനവും നൽകാതെ സി.എം.ആർ.എല്ലിൽ നിന്ന് 2.78 കോടി രൂപ കൈപ്പറ്റിയെന്ന കണ്ടെത്തലിൽ വീണയുടെ മറുപടി.
  • പണത്തിന്റെ വിനിയോഗം: കൈപ്പറ്റിയ തുക എങ്ങനെ വിനിയോഗിച്ചു? ഇത് ഉപയോഗിച്ച് സ്വത്തുക്കൾ വാങ്ങുകയോ മറ്റ് നിക്ഷേപങ്ങൾ നടത്തുകയോ ചെയ്തിട്ടുണ്ടോ?
  • എംപവർ ഇന്ത്യ വായ്പ: എംപവർ ഇന്ത്യ എന്ന സ്ഥാപനത്തിൽ നിന്നും 50 ലക്ഷം രൂപ വായ്പയെടുത്ത സാഹചര്യം എന്ത്? ഇതിൽ എത്ര തുക തിരിച്ചടച്ചു? ആദ്യ തവണ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിക്കാനുണ്ടായ പശ്ചാത്തലം എന്താണ്?
  • ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: നിലവിൽ മരവിപ്പിച്ച എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടിന് പുറമേ മറ്റെത്ര അക്കൗണ്ടുകളുണ്ട്? അബുദാബിയിലുണ്ടായിരുന്ന ബാങ്ക് അക്കൗണ്ട് വഴി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ?

ഇല്ലാത്ത സേവനത്തിന് വൻ തുക കൈപ്പറ്റിയെന്ന എസ്.എഫ്.ഐ.ഒ (SFIO) കണ്ടെത്തലിലെ പ്രതികരണവും, സി.എം.ആർ.എൽ ഉദ്യോഗസ്ഥർ മുൻപ് നൽകിയ മൊഴികളും അടിസ്ഥാനമാക്കിയാണ് ഇ.ഡി ചോദ്യം ചെയ്യൽ മുന്നോട്ട് കൊണ്ടുപോകുന്നത്. കേസിലെ സുപ്രധാനമായ തെളിവുകളിലേക്ക് വിരൽ ചൂണ്ടുന്നതായിരിക്കും ഇന്നത്തെ ചോദ്യം ചെയ്യൽ എന്നാണ് സൂചന.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News