ഇ.ഡി സമൻസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ചോദ്യം ചെയ്യലിന് ഹാജരാകണം
തിരുവനന്തപുരം:
സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി.ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) വീണ്ടും സമൻസ് അയച്ചു. ഈ മാസം 29-ാം തീയതി കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം.
കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ഒൻപത് മണിക്കൂറോളം വീണയെ ചോദ്യം ചെയ്തിരുന്നു. എക്സാലോജിക് കമ്പനി സിഎംആർഎല്ലിന് നൽകിയ ഐടി സേവനങ്ങൾ, ഇതിനായി കൈപ്പറ്റിയ തുകയുടെ വിനിയോഗം എന്നിവ സംബന്ധിച്ച വ്യക്തത തേടിയായിരുന്നു കഴിഞ്ഞ തവണത്തെ ചോദ്യം ചെയ്യൽ. ഇതിന് പിന്നാലെ വീണയുടെ എച്ച്.ഡി.എഫ്.സി ബാങ്കിലെ ലോക്കറിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. എന്നാൽ ലോക്കർ പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട നിർണായക രേഖകളോ വസ്തുക്കളോ ഒന്നും തന്നെ ലഭിച്ചില്ലെന്നാണ് സൂചന.
അതേസമയം, കേസന്വേഷണത്തിന്റെ ഭാഗമായി വിവിധ ബാങ്കുകളിലായുള്ള 242 അക്കൗണ്ടുകളിൽ നിന്നായി 18.36 കോടി രൂപ ഇ.ഡി നേരത്തെ മരവിപ്പിച്ചിരുന്നു. ഈ തുക പൂർണ്ണമായി കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് അന്വേഷണസംഘം ഇപ്പോൾ കടന്നിരിക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ എം.ഡി ശശിധരൻ കർത്തയുടെ കുടുംബാംഗങ്ങളായ ശരൺ എസ്. കർത്ത, ജയ എസ്. കർത്ത, ഷിബി എസ്. കർത്ത എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ ഇ.ഡി ചോദ്യം ചെയ്തിരുന്നു. വീണ ടി.ക്ക് രണ്ട് തവണയായി 50 ലക്ഷം രൂപ വായ്പ അനുവദിച്ച എംപവർ ഇന്ത്യ കാപിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ജയ എസ്. കർത്ത. ആദ്യതവണത്തെ വായ്പ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും തുക അനുവദിച്ചതിൽ ദുരൂഹതയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെ ചോദ്യം ചെയ്തത്. ഇതിന് തുടർച്ചയായാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായ കേസിൽ പ്രതിപക്ഷ നേതാവിന്റെ മകൾക്ക് ഇ.ഡി വീണ്ടും സമൻസ് അയച്ചിരിക്കുന്നത്.
