കോന്നി മെഡിക്കൽ കോളജിൽ ഗുരുതര വീഴ്ച: 16-കാരിക്ക് നൽകിയത് 88-കാരിയുടെ എക്സ് റേ; നട്ടെല്ലിന് വളവെന്ന് കണ്ടെത്തി ഡോക്ടർ

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പതിനാറുകാരിക്ക് മറ്റൊരു രോഗിയുടെ എക്സ് റേ ഫിലിം മാറി നൽകിയതായി ഗുരുതര പരാതി. ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സ തേടിയെത്തിയ കോന്നി കൂടൽ സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
ഈ മാസം 14-നാണ് ശ്വാസംമുട്ടലിനെ തുടർന്ന് പെൺകുട്ടിയെ കോന്നി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്ക് ശേഷം ചെസ്റ്റിന്റെ എക്സ് റേ എടുക്കാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു. തുടർന്ന് എക്സ് റേ പരിശോധിച്ച ഡോക്ടർ, പെൺകുട്ടിയുടെ നട്ടെല്ലിന് വളവുണ്ടെന്നും അതാണ് ശ്വാസംമുട്ടലിന് കാരണമെന്നും അറിയിച്ചതായി പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.
എന്നാൽ, പിന്നീട് വിശദമായി പരിശോധിച്ചപ്പോഴാണ് പെൺകുട്ടിക്ക് ലഭിച്ചത് 88 കാരിയായ മറ്റൊരു രോഗിയുടെ എക്സ് റേ ഫിലിമാണെന്ന് വ്യക്തമായത്. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്ക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
