നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാൻ അറസ്റ്റിൽ

 നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാൻ അറസ്റ്റിൽ

നന്ദിഗ്രാം നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാൻ അറസ്റ്റിലായി. മുൻ മുഖ്യമന്ത്രി മമത ബാനർജി അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് 2007-ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭകാലത്തെ പഴയ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വരുന്ന ഒക്ടോബർ 6-നാണ് നന്ദിഗ്രാമിൽ ഉപതിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

മമത ബാനർജിയുടെ രാഷ്ട്രീയ ജീവിതത്തിൽ നിർണായക വഴിത്തിരിവായ സമരമായിരുന്നു 2007-ലെ നന്ദിഗ്രാം പ്രക്ഷോഭം. 34 വർഷത്തെ ഇടത് മുന്നണി ഭരണത്തിന് വിരാമമിട്ട് 2011-ൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്താൻ വഴിയൊരുക്കിയതും ഈ പ്രക്ഷോഭമായിരുന്നു. എന്നാൽ, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിനെ പരാജയപ്പെടുത്തി ബിജെപി അധികാരത്തിൽ വരികയും സുവേന്ദു അധികാരി മുഖ്യമന്ത്രിയാവുകയും ചെയ്തു.

വെള്ളിയാഴ്ച കാളിഘട്ടിലെ വസതിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് തങ്ങളുടെ വിഭാഗം കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് മമത വ്യക്തമാക്കിയത്. മമത വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായിരുന്ന സഞ്ചിത പ്രധാൻ ഡേ മത്സരം ഉപേക്ഷിച്ചതിനെ തുടർന്നായിരുന്നു ഈ പ്രഖ്യാപനം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സഞ്ചിത നാമനിർദ്ദേശ പത്രിക പിൻവലിച്ചത്.

സ്ഥാനാർത്ഥിയുടെ അറസ്റ്റിൽ പ്രതിപക്ഷ പാർട്ടി നേതാക്കൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ നടപടി ബിജെപിയുടെ ഭയവും ആത്മവിശ്വാസക്കുറവുമാണ് വ്യക്തമാക്കുന്നതെന്ന് തൃണമൂൽ നേതാവ് കുനാൽ ഘോഷ് വിമർശിച്ചു. പ്രതിപക്ഷ മുക്ത ഭാരതത്തിനായുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്നും ജനാധിപത്യം വെന്റിലേറ്ററിലാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ പ്രതികരിച്ചു. 19 വർഷം പഴക്കമുള്ള കേസ് ഉയർത്തിക്കാട്ടി നടത്തുന്ന ഇത്തരം ഭീഷണികൾക്ക് മുന്നിൽ ഭയക്കില്ലെന്നും അധികാരം ദുരുപയോഗം ചെയ്യുന്ന ബിജെപിയെ ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News