തിരുവനന്തപുരം മൃഗശാല മാറ്റുന്നതിൽ ദുരൂഹതയെന്ന് എൽജെപിആർ; കാരണം വ്യക്തമാക്കണമെന്ന് ആവശ്യം
തിരുവനന്തപുരം:
തിരുവനന്തപുരം മൃഗശാല അവിടെ നിന്ന് മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് ഭരണതലത്തിൽ ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിൽ, എന്തിനു വേണ്ടിയാണ് മൃഗശാല മാറ്റുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ലോക് ജനശക്തി പാർട്ടി (എൽജെപിആർ).പാർട്ടി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ശ്രീ. സജി നായരുടെ നേതൃത്വത്തിൽ തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ആവശ്യം ഉന്നയിച്ചത്.തിരുവനന്തപുരം ജില്ലയിലെ ചരിത്രപ്രസിദ്ധമായ മൃഗശാല മാറ്റുന്നതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്. പൊതുജനങ്ങളെ ബോധ്യപ്പെടുത്താതെ, കാരണങ്ങൾ വ്യക്തമാക്കാതെ മൃഗശാല മാറ്റാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് സജി നായർ പറഞ്ഞു.മൃഗശാലയുടെ ഇപ്പോഴത്തെ സ്ഥലവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വാണിജ്യ താൽപ്പര്യങ്ങൾ ഉണ്ടോ എന്ന സംശയം പൊതുജനങ്ങൾക്കിടയിലുണ്ടെന്നും, അതുകൊണ്ട് തന്നെ സർക്കാർ ഇക്കാര്യത്തിൽ സുതാര്യമായ നിലപാട് സ്വീകരിക്കണമെന്നും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.മൃഗശാല സംരക്ഷിക്കാനും അതിന്റെ പൈതൃകം നിലനിർത്താനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും, മാറ്റം അനിവാര്യമാണെങ്കിൽ അതിന്റെ കാരണങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും എൽജെപിആർ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.പത്രസമ്മേളനത്തിൽ പാർട്ടി ജില്ലാ ഭാരവാഹികളും പങ്കെടുത്തു.
