ചപ്പാത്ത് ക്ഷേത്ര മോഷണം: പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കി പോലീസ്; സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം
BY: SHIBU K THAMPI PEERUMEEDU
ഉപ്പുതറ: ചപ്പാത്ത് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന വൻ മോഷണക്കേസിലെ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതികൾക്കായുള്ള തെരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.
ക്ഷേത്രത്തിലെ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. രണ്ടുപേരടങ്ങുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. ക്ഷേത്ര പരിസരത്തെയും സമീപ പ്രദേശങ്ങളിലെയും കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
കരിന്തരുവി എസ്റ്റേറ്റ് വഴിയെത്തിയ പ്രതികൾ ക്ഷേത്രത്തിന്റെ വേലികൾ മറികടന്നാണ് അകത്തുകടന്നതെന്നാണ് പ്രാഥമിക സൂചന. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പീരുമേട് ഡിവൈ.എസ്.പിയുടെയും ഉപ്പുതറ പോലീസിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
