അസമിൽ വൻ വാഹനാപകടം: കാസിരംഗയ്ക്ക് സമീപം മിനി ബസും കണ്ടെയ്നർ ട്രക്കും കൂട്ടിയിടിച്ച് 23 മരണം; മരിച്ചവരിൽ ഏറെയും കോളജ് വിദ്യാർത്ഥികൾ

 അസമിൽ വൻ വാഹനാപകടം: കാസിരംഗയ്ക്ക് സമീപം മിനി ബസും കണ്ടെയ്നർ ട്രക്കും കൂട്ടിയിടിച്ച് 23 മരണം; മരിച്ചവരിൽ ഏറെയും കോളജ് വിദ്യാർത്ഥികൾ

ദിസ്‌പൂർ: അസമിലെ ഗോലാഘട്ട് ജില്ലയിൽ കാസിരംഗ ദേശീയോദ്യാനത്തിന് സമീപമുണ്ടായ അതിഭീകരമായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നു. അമിതവേഗതയിലെത്തിയ ട്രാവലർ മിനി ബസും കണ്ടെയ്നർ ട്രക്കും നേർക്കുനേർ കൂട്ടിയിടിച്ചാണ് വൻ ദുരന്തമുണ്ടായത്. അപകടത്തിൽപ്പെട്ട മിനി ബസിൽ സഞ്ചരിച്ചിരുന്നവരിൽ ഭൂരിഭാഗവും കോളജ് വിദ്യാർത്ഥികളാണെന്നാണ് പ്രാഥമിക വിവരം.

ഇടിയുടെ ആഘാതത്തിൽ മിനി ബസിന്റെ മുൻഭാഗവും വശങ്ങളും പൂർണ്ണമായും തകർന്നു. വാഹനത്തിനുള്ളിൽ ഇപ്പോഴും യാത്രക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.

നിയന്ത്രണം വിട്ടത് അമിതവേഗതയിൽ

ബൊക്കാഖട്ടിൽ നിന്ന് നാഗോണിലേക്ക് പോവുകയായിരുന്ന അബ്ദുൾ മജീദ് ഓടിച്ചിരുന്ന ട്രാവലർ മിനി ബസാണ് അപകടത്തിൽപ്പെട്ടത്. 27 പേർക്ക് മാത്രം യാത്ര ചെയ്യാൻ അനുമതിയുള്ള വാഹനത്തിൽ 35-ലധികം യാത്രക്കാർ ഉണ്ടായിരുന്നതായി വിവരമുണ്ട്. കാസിരംഗ ദേശീയോദ്യാനത്തിന് സമീപം ഏർപ്പെടുത്തിയിട്ടുള്ള കർശന വേഗനിയന്ത്രണങ്ങൾ ലംഘിച്ച് അമിതവേഗതയിലായിരുന്നു മിനി ബസ് സഞ്ചരിച്ചിരുന്നത്. ഇതിനിടെ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും, എതിർദിശയിൽ നിന്ന് വരികയായിരുന്ന കണ്ടെയ്നർ ലോറിയിലേക്ക് നേർക്കുനേർ ഇടിച്ചുകയറുകയുമായിരുന്നുവെന്ന് ഗോലാഘട്ട് സീനിയർ പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.

രക്ഷാപ്രവർത്തനം ഊർജിതം

അപകടം നടന്നയുടൻ തന്നെ പ്രദേശവാസികളും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. തകർത്ത വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പരിക്കേറ്റവരെ ഉടൻ തന്നെ കൊഹോറ മോഡൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില അതീവ ഗുരുതരമായവരെ വിദഗ്ധ ചികിത്സയ്ക്കായി ജോർഹട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അപകടവിവരമറിഞ്ഞയുടൻ സ്ഥലം എം.എൽ.എ. കൂടിയായ അസം പഞ്ചായത്ത്-ഗ്രാമവികസന മന്ത്രി അതുൽ ബോറ അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നുണ്ട്. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ കൃത്യമായ എണ്ണം ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News