മോദി സർക്കാർ തന്റെ ഫോൺ ചോർത്തുന്നു, സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി; തല പരിശോധിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. മോദി സർക്കാർ തന്റെ ഫോൺ ചോർത്തുന്നുണ്ടെന്നും ഇക്കാര്യം പ്രധാനമന്ത്രിക്ക് നേരിട്ട് അറിയാമെന്നും രാഹുൽ ഗാന്ധി എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെ ആരോപിച്ചു. വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ളതും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതും ആരാണെന്ന് തുറന്നുകാട്ടാൻ പരസ്യമായ സംവാദത്തിന് തയ്യാറാണെന്ന് അദ്ദേഹം ആവർത്തിച്ചു വെല്ലുവിളിച്ചു.
പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ എപ്പോഴും എഴുതിക്കൊണ്ടുപോയ സ്ക്രിപ്റ്റിനെയാണ് ആശ്രയിക്കുന്നതെന്നും, ഇക്കാരണത്താൽ തന്നെ നേരിട്ട് സംവാദത്തിന് വരാൻ മോദിക്കാകില്ലെന്നും രാഹുൽ പരിഹസിച്ചു. “വേദിയും അന്തരീക്ഷവും നിങ്ങളുടേതാണ്, എന്നിട്ടും നിങ്ങൾക്ക് ഒരു സ്ക്രിപ്റ്റ് വേണം എന്നതാണ് സ്ഥിതി,” എന്നും അദ്ദേഹം എക്സിൽ കുറിച്ചു.
പരിഹാസവുമായി രാജീവ് ചന്ദ്രശേഖർ
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖർ പൂർണ്ണമായും തള്ളിക്കളഞ്ഞു. രാഹുലിന്റെ മാനസികനില പരിശോധിക്കണമെന്ന് അദ്ദേഹം പരിഹസിച്ചു. “രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്താൻ ആർക്കും താല്പര്യമില്ല. ആരെങ്കിലും എന്തെങ്കിലും അറിയാൻ താല്പര്യപ്പെടുന്നുണ്ടെങ്കിൽ, അത് അദ്ദേഹത്തിന്റെ തലച്ചോറ് എങ്ങനെയാണ് ദിവസം തോറും നുണകൾ മാത്രം പ്രവർത്തിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാൻ മാത്രമായിരിക്കും,” രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
