നടിയെ ആക്രമിച്ച കേസ്: ജഡ്ജിക്കെതിരായ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണാ നടപടികൾക്കിടയിലുണ്ടായ വിവാദ പരാമർശങ്ങളുടെ പേരിൽ വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ അതിജീവിതയുടെ അഭിഭാഷകയായ ടി.ബി. മിനി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി കേരള ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.
കോടതി നടപടികൾക്കിടയിൽ തനിക്കെതിരെ ജഡ്ജി നടത്തിയ പരാമർശങ്ങൾ തന്റെ വ്യക്തിപരവും തൊഴിൽപരവുമായ പ്രതിച്ഛായയെ സാരമായി ബാധിച്ചുവെന്നും, ഇത് മാധ്യമങ്ങളിലൂടെ പ്രചരിച്ചതുമൂലം സാമൂഹിക മാധ്യമങ്ങളിൽ കടുത്ത സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നുവെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. അഭിഭാഷകയെന്ന നിലയിലുള്ള വിശ്വാസ്യത തകർക്കുന്നതാണ് ഈ പരാമർശങ്ങളെന്നും കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഹർജി ഒഴിവാക്കിയത്.
