പീരുമേട്ടിലെ തോട്ടം തൊഴിലാളികൾക്ക് ആശ്വാസം; പോബ്സ് എസ്റ്റേറ്റുകളിലെ ലോക്കൗട്ട് പിൻവലിച്ചു, ഡിസംബർ 3 മുതൽ തോട്ടങ്ങൾ തുറക്കും

 പീരുമേട്ടിലെ തോട്ടം തൊഴിലാളികൾക്ക് ആശ്വാസം; പോബ്സ് എസ്റ്റേറ്റുകളിലെ ലോക്കൗട്ട് പിൻവലിച്ചു, ഡിസംബർ 3 മുതൽ തോട്ടങ്ങൾ തുറക്കും

BY: SHIBU K THAMPI IDUKKI

പീരുമേട്: പീരുമേട് താലൂക്കിലെ തോട്ടം മേഖലയിൽ നിലനിന്നിരുന്ന പ്രതിസന്ധികൾക്ക് വിരാമമാകുന്നു. പോബ്സ് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഏഴ് തോട്ടങ്ങളിലെ തൊഴിൽ തർക്കങ്ങൾ പരിഹരിക്കപ്പെട്ടതോടെ ലോക്കൗട്ട് പിൻവലിക്കാൻ തീരുമാനമായി. ഡിസംബർ മൂന്ന് മുതൽ തോട്ടങ്ങൾ പൂർണ്ണതോതിൽ പ്രവർത്തനം പുനരാരംഭിക്കും.

പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസിന്റെ പ്രത്യേക ഇടപെടലിലും സാന്നിധ്യത്തിലും കോട്ടയം ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസിന്റെ കാര്യാലയത്തിൽ ചേർന്ന അനുരഞ്ജന ചർച്ചയിലാണ് നിർണ്ണായക ഒത്തുതീർപ്പ് തീരുമാനങ്ങളുണ്ടായത്. മാസങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിനാണ് ഇതോടെ അറുതിയായിരിക്കുന്നത്.

അനുരഞ്ജന ചർച്ചയിലെ പ്രധാന തീരുമാനങ്ങൾ:

  • കുടിശ്ശിക വിതരണം: തൊഴിലാളികൾക്ക് ലഭിക്കാനുള്ള 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശമ്പള കുടിശ്ശിക 2026 ഡിസംബർ രണ്ടിന് മുമ്പായി പൂർണ്ണമായും വിതരണം ചെയ്യും.
  • തോട്ടങ്ങൾ തുറക്കുന്നു: ശമ്പള കുടിശ്ശിക വിതരണം ചെയ്യുന്നതിന്റെ തൊട്ടടുത്ത ദിവസമായ ഡിസംബർ മൂന്ന് മുതൽ തോട്ടങ്ങളുടെ പ്രവർത്തനം പൂർണ്ണതോതിൽ പുനരാരംഭിക്കും.
  • കൃത്യമായ വേതനം: തോട്ടം തുറക്കുന്ന തീയതി മുതൽ പ്രതിമാസ വേതനം കൃത്യമായി നൽകുമെന്നും, ബാക്കിയുള്ള കുടിശ്ശിക അതത് മാസത്തെ വേതനത്തോടൊപ്പം ഘട്ടംഘട്ടമായി നൽകുമെന്നും മാനേജ്മെന്റ് ഉറപ്പുനൽകി.
  • ക്രിസ്മസ് ബോണസ്: 2025-26 സാമ്പത്തിക വർഷത്തെ ബോണസ് വരാനിരിക്കുന്ന ക്രിസ്മസിന് മുമ്പായി തൊഴിലാളികൾക്ക് വിതരണം ചെയ്യും.
  • തുടർചർച്ചകൾ: അവശേഷിക്കുന്ന വേതന കുടിശ്ശിക സംബന്ധിച്ച തുടർചർച്ചകൾ 2027 ഫെബ്രുവരി ആദ്യവാരം വീണ്ടും ചേരും.
  • തൊഴിലാളി സഹകരണം: തോട്ടങ്ങൾ തുറന്ന് പ്രവർത്തിക്കുമ്പോൾ ആവശ്യമായ തൊഴിലാളികളെ പൂർണ്ണമായും ജോലിക്ക് എത്തിക്കാമെന്ന് ട്രേഡ് യൂണിയൻ പ്രതിനിധികളും സമ്മതിച്ചു.

പ്രവർത്തനം പുനരാരംഭിക്കുന്ന ഏഴ് തോട്ടങ്ങൾ: പമ്പനാർ, ഗ്രാൻബി, മഞ്ചുമല (മുഞ്ചമുല്ലൈ), നെല്ലിക്കൈ, തേങ്ങാക്കൽ, ഇഞ്ചിക്കാട്, പശുമലൈ എന്നീ എസ്റ്റേറ്റുകളാണ് ഡിസംബർ മൂന്നിന് വീണ്ടും സജീവമാകുന്നത്. തോട്ടങ്ങൾ തുറക്കുന്നതോടെ പ്രദേശത്തെ നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗമാണ് വീണ്ടും തെളിയുന്നത്.

t

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News