സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി മഴയെത്തുന്നു; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം:
സംസ്ഥാനത്ത് ഉയർന്ന താപനിലയ്ക്ക് ആശ്വാസമായി ഒറ്റപ്പെട്ടയിടങ്ങളിൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ ഈ പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഉച്ചയോടുകൂടി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട നേരിയ മഴ പെയ്തേക്കും. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം. നാളെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്.
