ആം ആദ്മി പാർട്ടിയിൽ വൻ പിളർപ്പ്: ഏഴ് എംപിമാർ ബിജെപിയിലേക്ക്
BY:SUMESHKRISHNAN
ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ആം ആദ്മി പാർട്ടിയെ (എഎപി) പ്രതിസന്ധിയിലാക്കി പാർലമെന്റ് അംഗങ്ങളുടെ കൂട്ടകൊഴിഞ്ഞുപോക്ക്. ആകെ പത്ത് രാജ്യസഭാ എംപിമാരുള്ള പാർട്ടിയിൽ നിന്നും ഏഴ് പേർ ബിജെപിയിൽ ചേരുമെന്ന് മുതിർന്ന നേതാവ് രാഘവ് ഛദ്ദ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. രാജ്യസഭയിലെ എഎപി അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭാഗവും കൂറുമാറുന്നതോടെ അയോഗ്യതാ ഭീഷണി ഇല്ലാതെ തന്നെ ബിജെപിയുമായി ലയിക്കാൻ സാധിക്കുമെന്നാണ് വിമത വിഭാഗത്തിന്റെ അവകാശവാദം.
രാഘവ് ഛദ്ദയെ കൂടാതെ അശോക് മിത്തൽ, സന്ദീപ് പഥക്ക് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. സ്വാതി മാലിവാൾ, ഹർഭജൻ സിങ്, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും തങ്ങൾക്കൊപ്പം ബിജെപിയിൽ ചേരുമെന്ന് രാഘവ് ഛദ്ദ അറിയിച്ചു. ലയനം സംബന്ധിച്ച ഔദ്യോഗിക രേഖകൾ രാജ്യസഭാ ചെയർമാന് കൈമാറിയിട്ടുണ്ട്.
പാർട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നതയാണ് പെട്ടെന്നുള്ള ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന. അടുത്തിടെ രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കി പകരം അശോക് മിത്തലിനെ നിയമിച്ചത് വലിയ തർക്കങ്ങൾക്ക് വഴിതെളിച്ചിരുന്നു. എംപിമാരുടെ ഈ നീക്കം ദേശീയ രാഷ്ട്രീയത്തിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും എഎപിക്ക് വലിയ തിരിച്ചടിയാകും.
