മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാനുള്ള കേരളത്തിൻ്റെ ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കും; കടുപ്പിച്ച് തമിഴ്നാട്
ചെന്നൈ:
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരള സർക്കാരിന്റെ നീക്കങ്ങളെ ഏതുവിധേനയും തടയുമെന്നും തമിഴ്നാടിന്റെ അനുമതിയില്ലാതെ പുതിയ ഡാം അനുവദിക്കില്ലെന്നും വ്യക്തമാക്കി തമിഴ്നാട് സർക്കാർ. ചെന്നൈ ഫോർട്ട് സെന്റ് ജോർജ്ജ് കോംപ്ലക്സിലെ നിയമസഭാ മന്ദിരത്തിൽ ആരംഭിച്ച 17-ാമത് നിയമസഭയുടെ കന്നി സമ്മേളനത്തിൽ ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേർക്കർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ നേതൃത്വത്തിലുള്ള പുതിയ സഖ്യസർക്കാർ തങ്ങളുടെ കടുത്ത നിലപാട് വ്യക്തമാക്കിയത്. തമിഴ്നാടിന്റെ താല്പര്യങ്ങളും തെക്കൻ ജില്ലകളിലെ കർഷകരുടെ അവകാശങ്ങളും സംരക്ഷിക്കാൻ ഇത്തരം നീക്കങ്ങളെ പൂർണ്ണമായി പ്രതിരോധിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണ്ണർ ഊന്നിപ്പറഞ്ഞു.
കേരളത്തിന് പുറമെ കാവേരി നദീജല തർക്കത്തിൽ കർണ്ണാടകത്തിനെതിരെയും തമിഴ്നാട് നിയമനടപടികൾ കടുപ്പിച്ചു. കാവേരിക്ക് കുറുകെ മേക്കേദാട്ടുവിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കർണ്ണാടക സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം തമിഴ്നാട്ടിലെ അതിർത്തി കർഷകരെ വലിയ തോതിൽ ബാധിക്കുമെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സർക്കാർ വ്യക്തമാക്കി.
കേരളത്തിൻ്റെ ആവശ്യങ്ങൾ തള്ളും; വിട്ടുവീഴ്ചയില്ല
തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ടിഗൽ, ശിവഗംഗ, രാമനാഥപുരം എന്നീ അഞ്ച് തെക്കൻ ജില്ലകളിലെ ജനങ്ങളുടെ പ്രധാന ജീവനാധാരമാണ് മുല്ലപ്പെരിയാർ ഡാം. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താമെന്നും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം ഇത് 152 അടിയാക്കാമെന്നും 2014ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ അണക്കെട്ട് ബലപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് അനുമതി നൽകാൻ കേരള സർക്കാർ വിസമ്മതിക്കുകയാണെന്ന് തമിഴ്നാട് നയപ്രഖ്യാപനത്തിലൂടെ ആരോപിച്ചു.
സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി മുല്ലപ്പെരിയാർ ഡാം ഡി കമ്മീഷൻ ചെയ്യണമെന്നും പുതിയ ഡാം നിർമ്മിക്കണമെന്നുമാണ് കേരളത്തിൻ്റെ ദീർഘകാലമായുള്ള ആവശ്യം. എന്നാൽ കേരളത്തിന്റെ ഈ നീക്കങ്ങളെ തടയാൻ തമിഴ്നാട് സർക്കാർ കർശന നടപടികൾ സ്വീകരിക്കും. മുല്ലപ്പെരിയാർ മേഖലയിൽ അറ്റകുറ്റപ്പണികൾ നടത്താനും ജലനിരപ്പ് നിയമപരമായി ഉയർത്താനും സർക്കാർ മുന്നിൽ നിൽക്കുമെന്ന് ഗവർണർ വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കത്തിൽ തങ്ങളുടെ ജല പരമാധികാരം സംരക്ഷിക്കാൻ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും പുതിയ സർക്കാർ തയാറല്ലെന്ന വ്യക്തമായ സൂചനയാണ് ഈ നയപ്രഖ്യാപനം നൽകുന്നത്.

